അച്ചൻകോവിൽ-കല്ലേലി-പ്ലാപ്പള്ളി റോഡ് ചിറ്റാർ റീച്ച് ആറുമാസത്തിനകം
text_fieldsഅച്ചൻകോവിൽ - കല്ലേലി - പ്ലാപ്പള്ളി റോഡിന്റെ ചിറ്റാർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കോന്നി: അച്ചൻകോവിൽ - കല്ലേലി - പ്ലാപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിന്റെ ഭാഗമായി നീലിപിലാവ് -ചിറ്റാർ ആദ്യ റീച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 34.6 കോടി രൂപ വിനിയോഗിച്ചാണ് പണി പുരോഗമിക്കുന്നത്.
തണ്ണിത്തോട് ചിറ്റാർ റോഡിൽ ആദ്യ റീച്ച് 5.9 കിലോമീറ്ററും ഉറുമ്പിനി - വാലുപാറ രണ്ടാം റീച്ച് 3.80 കിലോമീറ്ററും സീതത്തോട് പാലം മൂന്നാം റീച്ചിലും ആണ് ഉൾപ്പെടുന്നത്. തണ്ണിത്തോട് - ചിറ്റാർ ഭാഗത്തെ നിർമാണ പ്രവർത്തനമാണ് ദ്രുത ഗതിയിൽ പുരോഗമിക്കുന്നത്. റോഡിന്റെ അപകടകരമായ ഭാഗത്ത് വലിയ സംരക്ഷണ ഭിത്തി കെട്ടി ഉയർത്തി കയറ്റമുള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തിയാണ് നിർമാണം.
ബി.എം.ബി.സി. സാങ്കേതിക വിദ്യയിൽ 10 മുതൽ 12 മീറ്റർ വരെ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഏഴു മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. ഇരുവശങ്ങളിലും ഓടയും നിർമിക്കും. സംസ്ഥാന റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലാണു നിർമാണം. ആറു മാസത്തിനുള്ളിൽ ചിറ്റാർ റീച്ച് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പൂർത്തിയാകുന്നതോടെ മലയോര മേഖലക്കും ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്ന പാതയായി ഇത് മാറും. ചിറ്റാറിൽനിന്ന് തണ്ണിത്തോട് വഴി വേഗം കോന്നിയിൽ എത്തിച്ചേരാനാകുന്ന പാതയാണ് ഇത്. ചിറ്റാർ പഞ്ചായത്തിലെ നീലിപിലാവ്, മൺപിലാവ്, കട്ടച്ചിറ വാർഡുകളിലേക്കും പോകാം. എന്നാൽ, വനത്തിൽ കൂടി കടന്നുപോകുന്ന റോഡിന്റെ ഭാഗങ്ങൾക്ക് വീതി കൂട്ടാൻ വനം വകുപ്പ് അനുമതി വേണം. പണി പൂർത്തിയാക്കി തുറന്നുനൽകുന്നത്തോടെ ജില്ലയിലെ തന്നെ പ്രധാന റോഡുകളിൽ ഒന്നായി ഇത് മാറും.


