മർദനമേറ്റ ഭർത്താവിനെ കള്ളകേസിൽ കുടുക്കാനും ശ്രമം
text_fieldsപ്രതീകാത്മക ചിത്രം
കോന്നി: ആംബുലൻസ് ഡ്രൈവറായ ഭർത്താവിനെ മർദിക്കുകയും കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് യുവതിയും മക്കളും കൂടൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
കൂടൽ സ്വാന്തനം ആംബുലൻസിന്റെ ഡ്രൈവർ കൂടൽ മംഗലത്ത് വീട്ടിൽ വിഷ്ണുവിനെയാണ് അയൽവാസികൾ സംഘം ചേർന്ന് മർദിക്കുകയും കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തത്. വിഷ്ണുവിന്റെ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാമറ സ്ഥാപിച്ചത് അയൽ വീട്ടിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താനെന്ന് ആരോപിച്ച് അയൽവാസികൾ ഇയാളുമായി മുമ്പ് വഴക്കുണ്ടായിരുന്നു. അയൽവാസികൾ ഇയാളുടെ വീട്ടിൽ വന്ന് ബഹളം വെക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് കൂടൽ പൊലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ കടയിൽ പോയി തിരികെ വരുന്ന വഴി അയൽവാസികളായ ദമ്പതികൾ ഇയാളുടെ വാഹനം തടഞ്ഞു നിർത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വടികൊണ്ട് അടിച്ചതിനെ തുടർന്ന് ശരീരത്തിൽ ചതവുകളും സംഭവിച്ചിട്ടുണ്ട്. തുടർന്ന് വിഷ്ണു കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിൽ നീതി തേടി ഇയാളുടെ ഭാര്യയും മക്കളും കൂടൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എന്നാൽ, ഇയാൾ അയൽവാസിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അയൽവാസിയും രംഗത്ത് വന്നിട്ടുണ്ട്.


