കട്ടകൾ ഇളകിമാറി; യാത്രക്കാർക്ക് ദുരിതം
text_fieldsകോന്നി: കോന്നി താലൂക്ക് ആശുപത്രിപ്പടിയിൽനിന്ന് സംസ്ഥാന പാതയിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന ആശുപത്രിപ്പടി-ആർ.വി.എച്ച്.എസ്.എസ് റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇളകി മാറുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. അടുത്തിടെയാണ് കട്ടകൾ പാകുന്ന ജോലികൾ പൂർത്തിയായത്. ഇതിനു പിന്നാലെയാണ് വീണ്ടും ഇളകുന്നത്. ഇവിടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി.
മാത്രമല്ല റോഡിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ ശരിയായ രീതിയിൽ ഉറപ്പിച്ചിട്ടുമില്ല. കാൽനട ക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോന്നി ആനക്കൂട് റോഡിൽനിന്ന് കോന്നി സെൻട്രൽ ജങ്ഷനിൽ കയറാതെ സംസ്ഥാനപാതയിലേക്ക് വരാനും കോന്നി താലൂക്ക് ആശുപത്രി, ആനത്താവളം, കോന്നി മിനിസിവിൽ സ്റ്റേഷൻ, എം.എൽ.എ ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലേക്കും എത്താനും കോന്നിയിൽ എത്തുന്ന ആളുകൾ കൂടുതലും ഉപയോഗിക്കുന്ന റോഡ് കൂടിയാണ് ഇത്.
രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ റോഡിലെ കുഴിയിൽ വീഴാനും സാധ്യത ഏറെയാണ്. മാത്രമല്ല മഴക്കാലത്ത് ഓടകളിൽ കൂടി വെള്ളം ഒഴുകാത്തതിനാൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകുന്നത്.


