തണ്ണിത്തോട് റോഡിൽ പൊലീസ് സംഘത്തിന് മുന്നിൽ കടുവ; കാമറ സ്ഥാപിച്ച് വനപാലകർ
text_fieldsവനപാലകർ സ്ഥാപിച്ച കാമറ
കോന്നി: തണ്ണിത്തോട് റോഡിൽ കടുവയെ കണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ. പിന്നാലെ പ്രദേശത്ത് വനപാലകർ കാമറ സ്ഥാപിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നോടെ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജീപ്പിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് കടുവയെ കണ്ടത്. തണ്ണിത്തോട് മുണ്ടോന്മൂഴി പാലത്തിനും ഇലവുങ്കലിനും ഇടയിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്താണ് കടുവയെ കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നത്.
റോഡിൽ നിന്ന് കടുവ കാട്ടിലേക്ക് കയറുന്നത് കണ്ടതായാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവർ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കടുവയെ കണ്ട സ്ഥലത്ത് വനപാലകർ നിരീക്ഷണ കാമറ സ്ഥാപിച്ചു. ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ രാത്രിയിൽ ഈ വഴി യാത്ര ചെയ്യുന്നത് ശ്രദ്ധയോടെ വേണമെന്നും വനപാലകർ നിർദേശം നൽകി.
തണ്ണിത്തോട് റോഡിൽ സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകൾ കത്താത്തത് വാഹനയാത്രകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാട്ടാനയും മ്ലാവും പന്നിയും കാട്ടുപോത്തും അടക്കമുള്ള വന്യ മൃഗങ്ങളുടെ സ്ഥിരം സാന്നിധ്യമുള്ള സ്ഥലമാണ് ഇവിടം.