കോന്നി മെഡിക്കൽ കോളേജിൽ സി.ടി സ്കാൻ റിപ്പോർട്ട് കൈപ്പടയിൽ; രോഗികൾക്ക് ദുരിതം
text_fieldsകോന്നി: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ വിഭാഗത്തിനെതിരെ പരാതി. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്കുപോലും സി.ടി സ്കാൻ സംവിധാനം ലഭ്യമാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ബുധനാഴ്ച മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സ്കൂട്ടർ യാത്രക്കാന്റെ സി.ടി സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു.
എന്നാൽ, സി.ടി സ്കാൻ വിഭാഗം അധികൃതർ ഇതിന് തയാറായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. പിന്നീട് കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ ഓഫിസിൽനിന്ന് നിരവധി തവണ ഇടപെട്ടതിന് ശേഷമാണ് സി.ടി സ്കാൻ എടുത്തത്. സി.ടി സ്കാൻ റിപ്പോർട്ട് കൈപ്പടയിൽ എഴുതി നൽകുന്നുവെന്നും പരാതിയുണ്ട്. ഇത് പ്രിന്റ് ചെയ്ത് നൽകാത്തത് തുടർ ചികിത്സയെ ഏറെ ബാധിക്കുന്നുണ്ട്. തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് രോഗിയെ കൊണ്ടുപോകുമ്പോൾ കൈപ്പടയിൽ എഴുതിയ റിപ്പോർട്ട് ആയതിനാൽ വീണ്ടും ചെയ്യേണ്ടി വരുന്നുവെന്നും പരാതിയുണ്ട്.
ഗുരുതരാവസ്ഥയിൽ സി.ടി സ്കാനിങ്ങിന് എത്തുന്ന രോഗികൾക്ക് മാസങ്ങൾ കഴിഞ്ഞുള്ള തീയതിയാണ് സ്കാൻ ചെയ്യാൻ ലഭിക്കുക. ഇതുമൂലം കോന്നി മെഡിക്കൽ കോളജിനെ ചികിത്സക്കായി ആശ്രയിക്കുന്ന കോന്നിയിലെ സാധാരണ ജനങ്ങൾ സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ടതായി വരുന്നു. വലിയ തുകയാണ് സ്വകാര്യ സ്കാനിങ് സെന്ററുകൾ പലപ്പോഴും ഇവരിൽനിന്ന് ഈടാക്കുന്നത്.