മൂക്ക് പൊത്തി കോന്നി; പൊട്ടിയൊഴുകി ശൗചാലയം
text_fieldsകെ.എസ്.ആർ.ടി.സി.ഓപ്പറേറ്റിംഗ് സെൻ്ററിലെ ശൗചാലയം പൊട്ടി ഒലിച്ച് ദുർഗന്ധം വമിക്കുന്നു
കോന്നി: കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ 50 വർഷത്തിലേറെ പഴക്കമുള്ള ശൗചാലയം പൈപ്പുകൾ പൊട്ടി ദുർഗന്ധം വമിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും നടപടി ഇല്ലാതെ ഗ്രാമ പഞ്ചായത്ത്. അറ്റകുറ്റപണികൾ യഥാസമയം പഞ്ചായത്ത് നടത്താതെ പോയതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് സമീപത്തെ കച്ചവടക്കാർ പറയുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ദുർഗന്ധം സഹിച്ചു വേണം ഇവർ ഇവിടെ കഴിച്ചുകൂട്ടാൻ.
പഴക്കം ചെന്ന ശൗചാലയത്തിലേക്കുള്ള പൈപ്പുകൾ ഭൂരിഭാഗവും അടഞ്ഞതാണ് മാലിന്യം കെട്ടിനിൽക്കാൻ പ്രധാന കാരണം. സെപ്റ്റിക് ടാങ്ക് യഥാസമയം വൃത്തിയാക്കാത്തതും പ്രശ്നമായി. ഇപ്പോൾ മലിന ജലം ഓപറേറ്റിങ് സ്റ്റേഷനിലെ കോൺക്രീറ്റ് തറയുടെ അടിഭാഗത്ത് കൂടി ഒഴുകി സംസ്ഥാന പാതയിലേക്കാണ് പോകുന്നത്. ഇവിടെ കെട്ടികിടക്കുന്ന മലിന ജലത്തിൽ ചവിട്ടിയാണ് ആളുകൾ ബസ് കയറി പോകുന്നതും. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുക മാത്രമാണ് പരിഹാരം.
മെഡി. കോളജ് ശുചിമുറി പൈപ്പിൽ ചോർച്ച
മെഡിക്കൽ കോളജിലെ ശുചിമുറികളുടെ പൈപ്പിൽ ചോർച്ച. വാർഡിലെ ശുചിമുറികളുടെ പൈപ്പ് ലൈനുകളാണ് കാലങ്ങളായി ചോർന്നൊലിക്കുന്നത്. പൈപ്പിൽനിന്നു വീഴുന്ന മലിന ജലം പൊട്ടി ഒഴുകുന്നത് ആശുപത്രിയുടെ നടുത്തളത്തിലേക്കും. മലിന ജലം ഈ ഭാഗത്ത് കെട്ടികിടക്കുന്നുമുണ്ട്. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം വീണ് ഭിത്തികളുടെ പെയിന്റിങ്ങും ഇളകിപോകുന്നുണ്ട്.
നിരവധി രോഗികൾ ഉപയോഗിക്കുന്ന ശുചിമുറിയിലെ മലിന ജലം തറയിലേക്ക് ഒഴുകി ഇറങ്ങുന്നത് രോഗങ്ങൾ പടരുന്നതിനും കാരണമായേക്കാം. മേൽക്കൂരക്കും ചോർച്ചയുണ്ട്. പൈപ്പുകൾ പൊട്ടിയതാവാം കാരണമെന്നാണ് സംശയം. അറ്റകുറ്റപണി യഥാസമയം പൂർത്തിയാക്കാത്തതാണ് കാരണം.


