തണ്ണിത്തോട് പൊലീസിൻറെ പണി മുടക്കി ജീപ്പുകൾ
text_fieldsതണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ തകരാറിലായ ജീപ്പ്
കോന്നി: തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ ജീപ്പുകൾ ഇടക്കിടെ തകരാറിലാകുന്നത് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സമാകുന്നു. രണ്ട് ജീപ്പാണ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ ഉള്ളത്. സംസ്ഥാനത്ത് ആദ്യമായി 2022ലാണ് ദുരന്തമുഖങ്ങളെ അതിജീവിക്കാൻ സംസ്ഥാന പൊലീസ് സേന സംസ്ഥാനത്തെ മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഗൂർഖ ജീപ്പ് നൽകുന്നത്. ഇതിൽ തണ്ണിത്തോട്, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലാണ് ജീപ്പ് ലഭിച്ചത്. നിലവിൽ ജീപ്പുകൾ ഇടക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരും വെട്ടിലായി.
മലയോര മേഖലയിലെ പല സ്ഥലങ്ങളിലേക്കും പോകുമ്പോൾ ജീപ്പ് ബ്രേക്ക് ഡൗണാകുന്നതു മൂലം ഇരുചക്ര വാഹനങ്ങളിൽ ഉദ്യോഗസ്ഥർ പോകേണ്ടി വരുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പുതിയ ജീപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പലതവണ ഉന്നതർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെ. തണ്ണിത്തോട്, തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, പൂച്ചക്കുളം തുടങ്ങിയ പല സ്ഥലങ്ങളിലേക്കും പോകണമെങ്കിൽ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ നല്ല വാഹനങ്ങൾ ആവശ്യമാണ്. പുതിയ ജീപ്പുകൾ അടിയന്തരമായി നൽകിയെങ്കിൽ മാത്രമേ സ്റ്റേഷൻ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകൂ.