സംസ്ഥാനത്ത് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നടപ്പിലാക്കും -മന്ത്രി കെ. രാജൻ
text_fieldsകോന്നി : ഭൂമിയുടെ വിവരങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. 2019- 20 വർഷത്തെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കോന്നി താഴം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ടി.എം കാർഡ് പോലെ ചിപ്പ് ഘടിപ്പിച്ച ഇത്തരം കാർഡുകളിൽ ഭൂമിയുടെ എല്ലാ വിവരങ്ങളും ലഭ്യമാകും. ഇതിലൂടെ വിപ്ലവകരമായ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക.
കേരളത്തിലെ ഭൂമി തർക്ക രഹിതമായി മുന്നോട്ട് പോകുവാൻ സർവേ - റവന്യു വകുപ്പുകളെ പ്രാപ്തമാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാന ചുമതല. നമ്മൾ ഇതിനായി ആരംഭിച്ച ഡിജിറ്റൽ റീ സർവേ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്. സുതാര്യമായും കൃത്യമായും ആധുനിക ഭൂ രേഖകളെ അവതരിപ്പിക്കുവാൻ ഇതിലൂടെ കഴിഞ്ഞു.
രണ്ട് വർഷം കൊണ്ട് സർവേ ഡിജിറ്റൽ ആക്കിയ കേരളത്തിൽ ആകെയുള്ള ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം അളന്നു പൂർത്തീകരിക്കുവാൻ കഴിഞ്ഞു.
സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും കൃത്യമായി അളന്നു തിരിച്ച് അധിക ഭൂമിയെ ഇതിലൂടെ കണക്കാക്കി.
കേരളത്തിൽ ആവശ്യമായ ഭൂ രേഖകളുടെ സംയോജനം അടക്കമുള്ള ഉദ്യമങ്ങളിലൂടെ ആണ് ഡിജിറ്റൽ സർവേ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്റെ ഭൂമി എന്ന ഡിജിറ്റൽ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനമായി കേരളം മാറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, കോന്നി തഹൽസിൽദാർ സിനിമോൾ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായിൽ, ഷീലകുമാരി ചാങ്ങയിൽ, കേരള കോൺഗ്രസ് എം പ്രതിനിധി അഡ്വ.റഷീദ് മുളന്തറ, അടൂർ ആർ.ഡി.ഓ ബിബിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.


