എട്ട് വർഷം, മറുകര തൊടാതെ ചിറ്റൂർ കടവ് പാലം
text_fieldsനിർമാണം പൂർത്തിയാകാത്ത ചിറ്റൂർ കടവ് പാലം
കോന്നി: വർഷങ്ങളായി പണികൾ നിലച്ച ചിറ്റൂർ കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും പ്രവൃത്തി പുനഃരാരംഭിച്ചിട്ടില്ല. കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് പാലം നിർമാണം പ്രതിസന്ധിയിലായത്. പാലത്തിന്റെ തൂണുകൾ നദിക്ക് കുറുകെ വർഷങ്ങളായി നിൽക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് മറുകര എത്താൻ ഉപയോഗിച്ചിരുന്ന കടത്തുവള്ളവും പ്രവർത്തനം അവസാനിപ്പിച്ചു. തൂണുകൾ സ്ഥാപിച്ച ഭാഗം കാട് കയറി തുടങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചു. 2016 ഫെബ്രുവരി 26നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടക്കുന്നത്.
റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ചെലവിൽ നിർമിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പാലം നിർമാണം ആരംഭിച്ചത്. എന്നാൽ നദിയുടെ ഇരുകരകളിലുമായി പാലം നിർമിക്കുന്നതിനുള്ള മൂന്ന് തൂണുകളിൽ മാത്രമായി തുടരുകയാണ് വർഷങ്ങളായിട്ടും. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമാണം കൈമാറാതെ നിർമിതി കേന്ദ്രത്തിന് കരാർ നൽകിയത് മൂലം പണം ലഭിക്കാതെ വന്നതും പ്രവൃത്തി നിലയ്ക്കാൻ കാരണമായി. കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തുകയും നിർമാണം നിലയ്ക്കുകയുംചെയ്തു.
പിന്നീട് കെ.യു. ജനീഷ്കുമാർ എം.എൽ.എ ഇടപെട്ട് ഒരുകോടി രൂപ അനുവദിച്ചെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് തിരുവനന്തപുരം സഹകരണ എൻജിനീയറിങ് കോളജിലെ വിദഗ്ദ്ധ സംഘം പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാധാരണയായി പാലം പണികൾക്ക് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ ഈ പദ്ധതിക്കായി തുക അനുവദിക്കാതെയാണ് പ്രവൃത്തി ഏറ്റെടുത്ത സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർമാണം ആരംഭിച്ചതും പാതിവഴിയിൽ പണി ഉപേക്ഷിച്ച് കോടതിയെ സമീപിക്കുകയും ചെയ്തത്. പ്രവൃത്തിയുടെ നോഡൽ ഏജൻസിയായ നിർമിതി കേന്ദ്രക്ക് പാലത്തിന്റെ ഡെക്ക് സ്ലാബ് ഡിസൈൻ പരിശോധിക്കുന്നതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് മന്ത്രിതല മീറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. പാലത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനങ്ങൾ മുടങ്ങിയിട്ട് ഏഴുവർഷം പിന്നിടുന്നു എന്നതാണ് യാഥാർഥ്യം.
യാഥാർഥ്യമായാൽ വൻ ഉപകാരപ്രദം
അട്ടച്ചാക്കൽ - ചിറ്റൂർ മുക്ക് കരകളെ ബന്ധിപ്പിച്ച് കോന്നി ഗ്രാമ പഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽ നിന്ന് മറുകരയിൽ ഒന്നാം വാർഡിലേക്കാണ് പാലം വരിക. നിർമാണം പൂർത്തിയാകുന്നതോടെ പ്രമാടം, കോന്നി, മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഏറ്റവുമധികം പ്രയോജനപ്പെടുക. സംസ്ഥാന പാതയിൽ നിന്ന് മലയോര മേഖലയായ തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് മേഖലയിലേക്ക് എത്തിച്ചേരുന്നതിനും സാധിക്കും.
കോന്നി നഗരത്തിലെ ഗതാഗത കുരുക്ക, കുറക്കുന്നതിനും പാലം ഉപകാരപ്പെടും. പാലം യാഥാർഥ്യമായാൽ സംസ്ഥാന പാത കടന്നുപോകുന്ന ചിറ്റൂർ ജങ്ഷനിൽ നിന്ന് ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്കും പോകേണ്ടവർക്ക് കോന്നി നഗരത്തിൽ പ്രവേശിക്കാതെ എളുപ്പം എത്തിച്ചേരാം.


