തീർഥാടന കാലമായി; സൗകര്യം ഒരുക്കാതെ കോന്നി മെഡിക്കൽ കോളജ്
text_fieldsകോന്നി: ശബരിമല ബേസ് ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാകുന്നില്ല. മണ്ഡല കാലം ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസമാണ് കോന്നി മെഡിക്കൽ കോളജിൽ ശ്വാസകോശ അസുഖത്തെ തുടർന്ന് രണ്ട് അയ്യപ്പ ഭക്തരെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ, സി.ടി. സ്കാൻ എടുക്കേണ്ടി വന്നതിനാൽ രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ആയതിനാൽ സി.ടി. സ്കാൻ ചെയ്യാൻ ജീവനക്കാർ ഇല്ല എന്നായിരുന്നത്രെ മറുപടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കെട്ടിട നിർമാണം നടക്കുന്നതിനാലണ് കോന്നി മെഡിക്കൽ കോളജ് ആശുപത്രിയെ ശബരിമല ബേസ് ആശുപത്രിയാക്കിയത്.
സംസ്ഥാന പാതയിൽ നടക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റുന്നവരെ അടക്കം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എത്തിക്കേണ്ടത്. എന്നാൽ, ജില്ലയിലെ പ്രധാന ആശുപത്രി എന്ന നിലയിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നത് തീർഥാടകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.


