‘ആദ്യം കരുതി പഴുത്ത വാഴയിലയെന്ന്, വീണ്ടും നോക്കിയപ്പോൾ പുള്ളിപ്പുലി’; പുലിഭീതിയിൽ ആവോലിക്കുഴി
text_fieldsആവോലിക്കുഴിയിൽ പുലിയെ കണ്ട സ്ഥലം വിജയമ്മ കാട്ടിക്കൊടുക്കുന്നു
കോന്നി: ‘പഴുത്ത വാഴയിലയാണെന്നാണ് ആദ്യം കരുതിയത്, സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് മനസ്സിലായത്’ ആവോലിക്കുഴി സ്വദേശി ഗീതയുടെ വാക്കുകളിൽ ഭയം നിഴലിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആവോലിക്കുഴി രാകേഷ് ഭവനം വിജയമ്മയുടെ വീടിന് സമീപത്തെ ആട്ടിൻകൂടിന് അടുത്തായി പുലിയെ കണ്ടതായി ഇവർ പറയുന്നത്. ഉച്ചക്ക് ഒന്നോടെ സമീപവാസിയായ സന്തോഷും ഭാര്യ ഗീതയും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് വിജയമ്മയുടെ ആട്ടിൻകൂടിന് സമീപത്തെ വേലി ചാടിക്കടക്കാൻ ശ്രമിക്കുന്ന പുലിയെ കണ്ടത്. ആദ്യം വാഴയിലയാണെന്ന് തോന്നിയെങ്കിലും ശരീരത്തിലെ പുള്ളികൾ കണ്ടാണ് പുലിയാണെന്ന് മനസ്സിലായതെന്നും അയൽവാസികൾ പറയുന്നു.
പുലിയെ നേരിൽ കണ്ടതോടെ സന്തോഷും ഭാര്യ ഗീതയും വിജമ്മയെയും ഭർത്താവ് ഗോപിനാഥനെയും വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ നോക്കി നിൽക്കെ വേലി ചാടിക്കടന്ന പുലി കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. തുടർന്ന് ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, വീടുകൾക്ക് സമീപത്തെ പറമ്പുകൾ കാടുകയറി കിടക്കുന്നതിനാൽ പുലി എത്താനുള്ള സാധ്യത ഏറെയാണെന്ന് വനപാലകർ അറിയിച്ചു.
രണ്ട് ആടുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ ഭീതിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ. മാത്രമല്ല ആവോലിക്കുഴിയിൽനിന്നുള്ള വിദ്യാർഥികൾ എലിമുള്ളുംപ്ലാക്കൽ സ്കൂളിൽ എത്തിയാണ് പഠിക്കുന്നത്.
ഇരുവശവും പൊന്തകാടുകളും റബർ തോട്ടങ്ങളും നിറഞ്ഞ ആളൊഴിഞ്ഞ ഭാഗത്തുകൂടി വേണം ഇവർക്ക് എലിമുള്ളുംപ്ലാക്കൽ ഭാഗത്തേക്ക് എത്തിച്ചേരാൻ.


