പതിവായി അപകടം കലഞ്ഞൂർ സ്കൂളിന് മുന്നിൽ മേൽപ്പാലം ഉയരുന്നു
text_fieldsകലഞ്ഞൂർ സ്കൂളിന് മുന്നിൽ നിർമിക്കുന്ന മേൽപ്പാലം
കോന്നി: അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മേൽപ്പാലം നിർമിച്ചുതുടങ്ങി. കലഞ്ഞൂർ സ്കൂളിന് മുന്നിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കുറുകെയാണ് മേൽപ്പാലം ഒരുങ്ങുന്നത്.പതിവായി അപകടം നടക്കുന്ന സാഹചര്യത്തിലാണ് പാലം നിർമിക്കുന്നത്. ഇതിനായി കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
16.20 മീറ്റർ നീളവും 5.7 മീറ്റർ ഉയരവും 1.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമാണച്ചുമതല. ഇതോടനുബന്ധിച്ച് സ്ഥലത്തെ വൈദ്യുത പോസ്റ്റുകൾ അടക്കം മാറ്റി സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനപാത നിർമിച്ചപ്പോൾ റോഡിന് ഏറ്റവും വീതി കുറവുള്ള ഭാഗമായി കലഞ്ഞൂർ സ്കൂളിന് മുൻവശം മാറി. ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതി എടുത്തില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു.
കൊടും വളവുള്ള ഭാഗങ്ങളിൽ പോലും വീതി കൂട്ടി നിർമിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. റോഡിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ ഒരറ്റം സ്കൂളിനകത്ത് ആയിരിക്കും. അതുകൊണ്ട് തന്നെ ഇത് കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യും.ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായതിനാൽ തന്നെ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കുട്ടികളെ റോഡ് കടത്തിവിടാൻ ഹോം ഗാർഡുകളെയും സെക്യൂരിറ്റികളെയും നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.


