പരിക്കേറ്റ് പറക്കാനാകാത്ത പരുന്തിനെ നാലു വർഷമായി പരിചരിച്ച് വനപാലകർ
text_fieldsപരുന്തിനെ പറക്കാൻ പരിശീലിപ്പിക്കുന്ന കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ
കോന്നി: കഴിഞ്ഞ നാല് വർഷമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുകയാണ് ഇവർക്ക് ലഭിച്ച പരുന്തിനെ. 2021ൽ കൊല്ലം തേവലക്കരയിൽ നിന്ന് പരിക്കേറ്റ പരുന്തിനെ അവശനിലയിൽ കണ്ടെത്തിയതായി കോന്നി വനം സ്ട്രൈക്കിങ് ഫോഴ്സ് ഓഫിസിലേക്ക് ആരോ വിളിച്ചറിയിക്കുകയായിരുന്നു.
ആരോ വളർത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പരുന്ത് തീരെ അവശനിലയിലായിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന പരുന്തിനെ കോന്നിയിൽ എത്തിച്ച് വനം വകുപ്പ് വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ചിറകിന് മാരകമായി മുറിവേറ്റതിനാൽ പറക്കാൻ കഴിയില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഇതിന് എട്ട് വയസ് പ്രായമുണ്ട്. വളർത്തിയവർ തന്നെ ഇത് പറക്കാതെ ഇരിക്കാൻ ചിറകിന് മാരകമായി മുറിവേൽപ്പിച്ചതാകാം എന്നാണ് നിഗമനം.
എങ്കിലും ചില വ്യായാമങ്ങളും പരീക്ഷണങ്ങളും നടത്തി പരുന്തിനെ പറക്കാൻ പ്രാപ്തമാക്കാൻ വനം വകുപ്പ് അധികൃതർ ശ്രമം തുടർന്നെങ്കിലും ഫലം കണ്ടില്ല. ദിവസവും രാവിലെ തുറന്നുവിട്ട് പറക്കാൻ പരിശീലിപ്പിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും പരുന്തിന് പറക്കാൻ കഴിഞ്ഞിട്ടില്ല. മീനും ഇറച്ചിയുമാണ് ഭക്ഷണം നൽകുന്നത്. ചിറകിന് പരിക്കേറ്റ് പറക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു തത്തയും ഇവിടെയുണ്ട്. ജീവനക്കാരോട് ആക്രമണ സ്വഭാവമൊന്നും പരുന്ത് കാണിക്കാറില്ല. പരുന്ത് എന്നെങ്കിലും പറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വനം വകുപ്പ് അധികൃതർ.