ആവേശത്തോടെ ചൂണ്ടുവിരലിൽ മഷി പുരട്ടി മലയോര ജനത
text_fieldsഇരട്ട സഹോദരിമാരായ ഭാഗ്യയും ഭവ്യയും കോന്നി താഴം എം.എസ്.സി എൽ.പി സ്കൂളിൽ കന്നി വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കിടുന്നു. തിരുവനന്തപുരം ലോ അക്കാദമി ഒന്നാം വർഷ വിദ്യാർഥിനിയാണ് ഭാഗ്യ. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളജ് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഭവ്യ
കോന്നി: ജനാധിപത്യത്തിലെ മഹോത്സവമായ നിയമസഭ തെരഞ്ഞടുപ്പിൽ കോന്നി നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിയോടെ ആരംഭിക്കേണ്ട വോട്ടെടുപ്പ് പലയിടത്തും വൈകിയാണ് ആരംഭിച്ചത്. തണ്ണിത്തോട് പഞ്ചായത്തിലെ 32 ആം നമ്പർ ബൂത്തിലും അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് സ്കൂളിൽ ക്രമീകരിച്ച ബൂത്തിലും രാവിലെ വോട്ടിങ് മെഷീൻ തകരാറിൽ ആയതിനെ തുടർന്ന് ഏറെ നേരം വോട്ടെടുപ്പ് നിർത്തിവെക്കേണ്ടി വന്നു. യന്ത്രത്തിന്റെ തകരാർ പരിഹരിച്ച ശേഷമാണ് സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയത്. പതിനൊന്നു മണിക്ക് ശേഷം കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ രാവിലെ ഏഴ് മണിക്ക് വോട്ടിങ് തുടങ്ങിയപ്പോൾ തന്നെ പല ബൂത്തുകളിലും വലിയ തിരക്കനുഭവപ്പെട്ടു. ഉച്ചക്ക് ശേഷം ക്യൂ കുറയുകയും ചെയ്തു. പൊരിവെയിലത്ത് മണിക്കൂറുകളോളം വരിനിന്നാണ് സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയത്. കോന്നി മണ്ഡലത്തിൽ കോന്നി, അരുവാപ്പുലം, കലഞ്ഞൂർ, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, പ്രമാടം, ഏനാദിമംഗലം, വള്ളിക്കോട്, മൈലപ്ര തുടങ്ങിയ ഗ്രാമ പഞ്ചായത്തുകൾ അടങ്ങുന്ന മണ്ഡലത്തിലെ 228 ബൂത്തുകളായി 2,00,329 വോട്ടർമാർ ആയിരുന്നു ആകെയുണ്ടായിരുന്നത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലായിരുന്നു ഏറ്റവും കൂടുതൽ പുരുഷ വോട്ടർമാരും ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരും ഉണ്ടായിരുന്നത്.
1454 വനിതാ വോട്ടർമാരും 12481 പുരുഷ വോട്ടർമാരുമാണ് കലഞ്ഞൂർ പഞ്ചായത്തിൽ ഉള്ളത്. ഏറ്റവും കുറവ് വോട്ടർമാർ ആവണിപ്പാറയിലാണ് വോട്ട് രേഖപ്പെടുത്തിയത്. 71 വോട്ടർമാരാണ് ആവണിപ്പാറ ആദിവാസി ഉന്നതിയിൽ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ മൂന്ന് മണി ആയപ്പോഴേക്കും 48.53 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ഒരു ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി.


