കോന്നി-അടവി-ഗവി ടൂർ പാക്കേജ് നിലച്ചു
text_fieldsകോന്നി-അടവി-ഗവി ടൂർ പാക്കേജിന്റെ ഭാഗമായ ട്രാവലർ
കോന്നി: കോന്നി വന വികാസ് ഏജൻസിയുടെ അടവി-ഗവി ടൂർ പാക്കേജ് പ്രതിസന്ധിയിൽ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ഇത്. എന്നാൽ, പാക്കേജിന്റെ ഭാഗമായുണ്ടായിരുന്ന രണ്ടു വാഹനങ്ങളിൽ ഒന്ന് കട്ടപ്പുറത്തായതും കെ.എസ്.ആർ.ടി.സി അടക്കം ഗവിയിലേക്ക് ടൂർ പാക്കേജ് ആരംഭിച്ചതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്.
2015ലാണ് പദ്ധതിയുടെ തുടക്കം. കോന്നി ആനത്താവളത്തിൽനിന്ന് രാവിലെ 7.30 ന് ആരംഭിച്ച് രാത്രി 9. 30ന് അവസാനിക്കുന്ന തരത്തിലായിരുന്നു പാക്കേജ്. ആനത്താവളത്തിൽ നിന്ന് പുറപ്പെട്ട് അടവിയിൽ കുട്ടവഞ്ചി സവാരിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാമിലെത്തും.
തുടർന്ന് കാക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ ,ആനത്തോട്, പമ്പ ഡാം എന്നിവ സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചു പമ്പയിൽ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്. ഇവിടെനിന്ന് പെരിയാർ ടൈഗർ റിസർവ് വഴി വള്ളക്കടവിൽ എത്തും.
തുടർന്ന് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. 16 പേർ അടങ്ങുന്ന സംഘത്തിന് 1800 രൂപ വീതവും 10 പേരടങ്ങുന്ന സംഘത്തിന് 1900 രൂപ വീതവും ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇതുവരെ അറുപതിനായിരത്തോളം സഞ്ചാരികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് കണക്ക്.
കോവിഡിനെ തുടർന്ന് 2020ൽ നിർത്തിവെച്ച ടൂർ പാക്കേജ് പുനരാരംഭിച്ചപ്പോൾ സഞ്ചാരികളുടെ വലിയ ഒഴുക്കായിരുന്നു. ഇതിനിടെയാണ് രണ്ടു ട്രാവലറിൽ ഒന്ന് കട്ടപ്പുറത്തായത്.