കുന്തിരിക്ക സുഗന്ധത്തിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രം
text_fieldsവനശ്രീ വിപണന കേന്ദ്രത്തിൽ കുന്തിരിക്കം വൃത്തിയാക്കി പാക്കറ്റുകളിലാക്കുന്നു
കോന്നി: ആനത്താവളത്തിൽ വനം വകുപ്പിനു കീഴിലുള്ള വനശ്രീ വിപണന കേന്ദ്രത്തിലെ കുന്തിരിക്ക വിപണി ശ്രദ്ധേയമാകുന്നു. കൊക്കാത്തോട് ആവണിപ്പാറ കോട്ടാംപാറ തുടങ്ങിയ വനമേഖലകളിലെ മലമ്പണ്ടാര വിഭാഗത്തിൽ പെട്ട ആദിവാസികളാണ് വനവിഭവമായ കുന്തിരിക്കം എത്തിക്കുന്നത്. നൂറ് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണു വിൽപന. പായ്ക്കറ്റിന് 50 രൂപയാണ് വില. വെള്ള കുന്തിരിക്കവും കറുത്ത കുന്തിരിക്കവും വിൽപനക്കുണ്ട്.
ബർബരേസ കുടുംബത്തിൽപെട്ട വെളുത്ത പൂക്കളോട് കൂടിയ പൈൻ മരത്തിന്റെ കറയിൽനിന്നാണ് കുന്തിരിക്കം ഉണ്ടാകുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ധൂപ പ്രാർഥനയ്ക്കും വീടുകളിൽ ക്ഷുദ്ര ജീവികളെ തുരത്തുവാനും കുന്തിരിക്കം വാങ്ങാൻ എത്തുന്നവർ നിരവധിയാണ്. ഇന്ത്യയിൽ അസമിലും ബംഗാളിലും കേരളത്തിലെ പശ്ചിമ ഘട്ട മേഖലകളിലും കാണപ്പെടുന്ന കുന്തിരിക്കം കുങ്ങില്ല്യം എന്ന പേരിലും അറിയപ്പെടുന്നു.
ചരകൻ, ശുശ്രുതൻ തുടങ്ങിയവർ ഇതിനെ ശല്ലാകി എന്നും വിളിച്ചിരുന്നു. ബലാഗുളുച്യാതി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ ആയൂർവേദത്തിൽ കുന്തിരിക്കം ചേർത്ത് നിർമിക്കുന്ന പ്രധാന ഔഷധങ്ങളാണ്. തൊലിപ്പുറത്ത് ഉപയോഗിക്കുവാൻ കഴിയില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ് കുന്തിരിക്കം എന്ന് ആയൂർവേദം പറയുന്നു.
പശ്ചിമഘട്ട മഴക്കാടുകളിൽ വെള്ളപ്പൈൻ അധവാ വെള്ളകുന്തിരിക്കം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 2000 മില്ലിമീറ്ററിൽ കൂടുതൽ മഴയുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. സുഗന്ധ ദ്രവ്യങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന കുന്തിരിക്കം ഇന്ന് വംശനാശ ഭീഷണിയുടെ വക്കിലാണ്.