കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് കെട്ടിടം ‘അൺ ഫിറ്റ്’
text_fieldsകോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ്
കോന്നി: സുരക്ഷ ഓഡിറ്റിന് നേതൃത്വം നൽകേണ്ട വനം വകുപ്പിന്റെ ആസ്ഥാന മന്ദിരം അൺ ഫിറ്റ്. നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നിയുടെ ചരിത്ര സ്മാരകമായ കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് കെട്ടിടം കാലപ്പഴക്കം മൂലം നശിച്ച് തുടങ്ങിയിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് കെട്ടിടവും കോന്നി ഫോറെസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവും സ്ഥാപിക്കുന്നത്.
മേൽക്കൂര തടിയിൽ നിർമിച്ച് മച്ച് അടക്കമുള്ള ഓഫിസ് കെട്ടിടം ഇപ്പോൾ കാലപഴക്കം മൂലം ചോർന്ന് ഒലിക്കുന്ന അവസ്ഥയാണ്. നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നിർമിക്കാതെ അത് പൈതൃക സ്വത്തായി സംരക്ഷിക്കണം എന്നാണ് വനം വകുപ്പ് ഉത്തരവിൽ പറയുന്നത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തുന്നതിന് തടസ്സമില്ല.
എന്നാൽ, കെട്ടിടം പൊളിച്ച് നിർമിക്കരുത് എന്ന് കാണിച്ച് ചില സംഘടനകളും രംഗത്ത് വന്നിരുന്നു. ഓഫിസ് മുറികൾ ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മേൽക്കൂരയിൽ മരപ്പട്ടി, എലി മറ്റ് ക്ഷുദ്രജീവികൾ എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ അവസ്ഥ വിവരിച്ച് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് കോന്നി ഡി.എഫ്.ഒ കത്ത് നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ റിസേർവ് വനമാണ് കോന്നിയിലേത്. വിവിധ ഫോറസ്റ്റ് റേഞ്ചുകളെ ഏകോപിപ്പിക്കുന്ന പുരാതനമായ കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്.