കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ; കെട്ടിടത്തിന് താത്ക്കാലിക ഫിറ്റ്നസ് മാത്രം
text_fieldsകോന്നി: സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് അഗ്നി രക്ഷാ സേനയുടെ ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചില്ല. 2016ലാണ് കെട്ടിട നിർമാണം ആരംഭിച്ചത്. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ചായിരുന്നു നിർമാണം.
മൂന്നു നിലയിലായി 12 ക്ലാസ് മുറിയും സ്റ്റേജും കിച്ചൻ ബ്ലോക്കുമാണ് കെട്ടിടത്തിലുള്ളത്. മുൻപ് ഉണ്ടായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയതു നിർമിച്ചത്. കരാർ എടുത്ത കമ്പനിയുടെ അലംഭാവം മൂലം നിർമാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട് നിർമാണം വേഗത്തിൽ ആക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നിബന്ധനകൾ പാലിക്കാതെ നിർമിച്ചതായതിനാലാണ് ലൈസെൻസ് ലഭിക്കാതെ വന്നതെന്ന് പറയുന്നു. താത്കാലിക ലൈസൻസിൽ ആണ് കെട്ടിടം പ്രവർത്തിക്കുന്നത്.