ഇരിയാനെ, നടയാനെ; കോന്നി കൊച്ചയ്യപ്പന് രണ്ടാം ഘട്ട പരിശീലനം തുടങ്ങി
text_fieldsകോന്നി കൊച്ചയ്യപ്പനെ പരിശീലനത്തിന്റെ ഭാഗമായി നടത്തിക്കുന്നു
കോന്നി: ആനത്താവളത്തിലെ ഇളമുറക്കാരനായ കോന്നി കൊച്ചയ്യപ്പന് രണ്ടാം ഘട്ട പരിശീലനം ഉടൻ തുടങ്ങും. അഞ്ചാം വയസ്സിലേക്ക് കടക്കുമ്പോഴാണ് കുട്ടിക്കൊമ്പന് രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുന്നത്. നാല് വയസ്സാണ് കൊച്ചയ്യപ്പന്. കാലിന്റെ അടിഭാഗം, വയർ എന്നീ ഭാഗങ്ങളിലെ ഇക്കിളി മാറ്റൽ പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. ആനക്കുട്ടിയെ ഇരുത്തി, കിടത്തി പഠിപ്പിക്കുന്നതിനൊപ്പം ചങ്ങല പരിശീലനവും നൽകുന്നു.
ആനത്താവളത്തിൽ പുറത്തുനിന്നുള്ള വിനോദ സഞ്ചാരികൾ വരുന്നതിനാൽ ചങ്ങല പരിശീലനം അത്യാവശ്യമാണ്. വിളിച്ചാൽ അടുത്ത് വരുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. പുറകിലേക്ക് പടവുകൾ കയറൽ, പാലത്തിൽ കൂടി നടക്കൽ എന്നിവയും പരിശീലിപ്പിക്കുന്നു. ഷംസുദ്ദീനാണ് കൊച്ചയ്യപ്പന്റെ പാപ്പാൻ. ആങ്ങാമൂഴി വനമേഖലയിൽ 2021 ആഗസ്റ്റ് 19ന് കണ്ടെത്തിയ കുട്ടിയാനയെ ആദ്യഘട്ടത്തിൽ കാട് കയറ്റാനായിരുന്നു ശ്രമം. ഇതിനായി കൂടൊരുക്കി നാല് ദിവസം കാത്തിരുന്നെങ്കിലും മറ്റ് ആനകൾ എത്തിയില്ല. തുടർന്ന് വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.