സാമ്പത്തിക പ്രതിസന്ധി; കോന്നി മാർക്കറ്റിങ് സൊസൈറ്റി കെട്ടിടം വിൽക്കുന്നു
text_fieldsവിൽക്കാനായി പരസ്യം നൽകിയിരിക്കുന്ന കോന്നി മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം
കോന്നി: അമ്പത്തിയഞ്ച് വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ളതും കോന്നിയിലെ ആദ്യകാല സഹകരണ സ്ഥാപനവുമായ കോന്നി മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടം വിൽക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കെട്ടിടങ്ങൾ വിൽപനക്കെന്ന് കാട്ടി ഭരണസമിതി പരസ്യം നൽകിയിരിക്കുന്നത്.
തുടക്കം മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം കൈകാര്യം ചെയ്തിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സഹകരണ സംഘത്തിന്റെ കെട്ടിടങ്ങളാണ വിൽപനക്ക് വെച്ചിരിക്കുന്നത്.
റബർ, കുരുമുളക്, കാപ്പി, കൊക്കോ, ഇഞ്ചി, കോലിഞ്ചി തുടങ്ങിയവയുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ടാണ് സൊസൈറ്റിക്ക് രൂപം നൽകിയത്. ആദ്യകാലത്ത് ലക്ഷങ്ങളുടെ വ്യാപാരമാണ് നടന്നിരുന്നത്. കോന്നിയുടെ ഹൃദയ ഭാഗത്ത് സ്വന്തമായി ഒരേക്കറിലധികം ഭൂമിയും വാങ്ങി. ഇതിൽ സംഭരണ ശാലയും വ്യാപാര വിപണന കേന്ദ്രവും ഓഫിസും ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഒന്നിലേറേ നാഷണൽ പെർമിറ്റ് ലോറികളും മറ്റ് വാഹനങ്ങളും സ്വന്തമായിരുന്നു. കോന്നി ചാങ്കൂർ മുക്കിൽ അരയേക്കാറോളം സ്ഥലവും ഇവിടെ പാചക വാതക ഏജൻസിയും പ്രവർത്തിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവയെല്ലാം പൂട്ടി. വാഹനങ്ങൾ അടക്കമുള്ളവ അനധികൃതമായി പലരും കയ്യടക്കിയതായും ആക്ഷേപമുണ്ട്. ഇതിനിടെയാണ്, സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വിൽക്കുന്നത്.


