ചോർന്നൊലിച്ച് കോന്നി മെഡിക്കൽ കോളജ് ഒ.പി കെട്ടിടം
text_fieldsകോന്നി മെഡിക്കൽ കോളജിന്റെ രണ്ടാം നിലയിൽ ചോർന്നൊലിച്ച ഭാഗത്ത് വീഴാതിരിക്കാൻ മറച്ചിട്ടിരിക്കുന്നു
കോന്നി: കോന്നി മെഡിക്കൽ കോളജിലെ ഒ.പി പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലെ ചോർച്ച രോഗികളെ വലക്കുന്നു. മഴക്കാലമായതോടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് വീഴുന്ന മഴ വെള്ളം കെട്ടിടത്തിനുള്ളിലാണ് വീഴുന്നത്. തറയിൽ വെള്ളം വീഴുന്നത് പതിവായതോടെ ഇവിടെ കാർഡ്ബോർഡ് പേപ്പറുകൾ നിരത്തിയിരിക്കുകയാണ് ജീവനക്കാർ.
കെട്ടിടത്തിലെ ജനലുകൾ വഴിയും മഴവെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ട്. ഏറ്റവും താഴത്തെ നിലയിൽ നടുത്തളത്തളത്തിലേക്കും വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്. ടൈലിൽ വെള്ളം കെട്ടിക്കിടന്നാൽ ഇത് ശ്രദ്ധിക്കാതെ ആളുകൾ തെന്നി വീഴുന്നതിനും സാധ്യത ഏറെയാണ്. 2020 സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് മെഡിക്കല്‍ കോളജ് ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്ത് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
32,900 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളത്. നിലവിൽ ഒ.പി, സ്കാനിങ്, എക്സ് റേ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ചോർച്ച അനുഭവപ്പെടുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് അടക്കം കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് ചോരുന്നത്. നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ ചുമതല. നിലവിലെ സാഹചര്യത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്.