മാലിന്യസംസ്കരണ സംവിധാനമില്ലാതെ കോന്നി മെഡിക്കൽ കോളജ്
text_fieldsകോന്നി മെഡിക്കൽ കോളജ്
കോന്നി: കോടികൾ മുടക്കി നിർമിച്ച കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലത്താണ് മാലിന്യം നിർമാർജനം ചെയ്യാൻ സംവിധാനമില്ലാത്തത്.
മെഡിക്കൽ കോളജിന്റെയും കാന്റീനിന്റെയും മാലിന്യം പുറത്തുള്ള ഏജൻസികൾ കൊണ്ടുപോകുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. എന്നാൽ, പുറത്തുനിന്ന് ആളുകൾ കൊണ്ടുവന്ന് മെഡിക്കൽ കോളജ് പരിസരത്ത് തള്ളുന്ന മാലിന്യം വർധിച്ചതോടെ തെരുവുനായ് ശല്യവും അതിരൂക്ഷമാണ്.
മെഡിക്കൽ കോളജ് മാലിന്യം സംസ്കരിക്കാൻ ഇടമില്ലാതെ വന്നതോടെ ആശുപത്രി പരിസരത്തുതന്നെ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചിരുന്നു. എന്നാൽ, ഇത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുഴിമൂടി. കോടികൾ മുടക്കി നിർമിച്ച കോന്നി മെഡിക്കൽ കോളജിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്തതിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്. മെഡിക്കൽ കോളജ് പരിസരത്ത് ഉപേക്ഷിക്കുന്ന മാലിന്യം അഴുകി മറ്റ് ജലാശയങ്ങളിലേക്കും ഒഴുകിയിറങ്ങാൻ സാധ്യത ഏറെയാണ്.
മെഡിക്കൽ കോളജിലേക്ക് വരുന്ന റോഡിൽ പുറത്തുനിന്ന് ആളുകൾ ചാക്കിൽ കെട്ടി മാലിന്യം ഉപേക്ഷിക്കുന്ന സംഭവങ്ങളും അനവധിയാണ്. കഴിഞ്ഞ ദിവസം ഇവിടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. ഈ ഭാഗത്ത് വെളിച്ചക്കുറവ് ഉള്ളത് മാലിന്യം തള്ളുന്നവർക്ക് സൗകര്യം ഒരുക്കുന്നുണ്ട്. മഴക്കാലമായതോടെ മെഡിക്കൽ കോളജ് പരിസരത്തു തള്ളുന്ന മാലിന്യം രോഗങ്ങൾ പരത്തുന്നതിനും സാധ്യത ഏറെയാണ്.
മാലിന്യം ശരിയായ വിധം സംസ്കരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾ പുതിയ രോഗവുമായി മടങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്.