കോന്നി മെഡിക്കൽ കോളജിൽ അത്യാധുനിക ലേബർ റൂം, ഓപറേഷൻ തിയറ്റർ; മലയോരത്തിന് ആശ്വാസം
text_fieldsകോന്നി മെഡിക്കൽ കോളജിൽ അത്യാധുനിക
സൗകര്യങ്ങളോടെ നിർമിച്ച ഓപറേഷൻ തിയറ്റർ
കോന്നി: മലയോര മേഖലക്ക് ആശ്വാസമായി കോന്നി മെഡിക്കൽ കോളജിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ലേബർ റൂമിന്റെയും ഓപറേഷൻ തിയറ്ററിന്റെയും ഉദ്ഘാടനം ശനിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. 3.5 കോടി ചെലവഴിച്ചാണ് ലക്ഷ്യനിലവാരത്തിൽ ലേബർ റൂം നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടുവർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് നവീകരണജോലികളുടെ ഭാഗമായി ഇവിടുത്തെ ശസ്ത്രക്രിയ വിഭാഗം കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളെല്ലാം പ്രത്യേകം പായ്ക്ക് ചെയ്ത് കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഓപ്പറേഷൻ തീയേറ്ററിലെ ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവയാണ് എത്തിച്ചത്.
ജനറൽ ആശുപത്രിയിൽനിന്ന് ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളജിൽ എത്തിക്കുന്നു
ഗൈനക്കോളജി, ഓർത്തോ, ഇ.എൻ.ടി ജനറൽ സർജറി വിഭാഗങ്ങളാണ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ശസ്ത്രക്രിയ വിഭാഗങ്ങളുടെ പ്രവർത്തനം മെഡിക്കൽ കോളജിൽ അടുത്തയാഴ്ച ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സർജ്ജിക്കൽ, ഐ.സി.യു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ എത്തിക്കുന്ന ഉപകരണങ്ങൾ തുടർന്ന് അണുവിമുക്തമാക്കും. ശസ്ത്രക്രിയ മുറികളിലെ അണുബാധ പരിശോധിക്കുന്നത് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിലാണ്. മൂന്ന് തവണ അണുബാധ പരിശോധിച്ച് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.