വീണ്ടും പുലി; പാക്കണ്ടത്ത് കൂട് സ്ഥാപിച്ചു
text_fieldsപുലിയെ കുടുക്കാൻ വനം വകുപ്പ് കൂട് ഒരുക്കുന്നു
കോന്നി: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ പാക്കണ്ടത്ത് പുലി ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പാടം ഫോറസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ആർ.ആർ.ടി സംഘവും നാട്ടുകാരും ചേർന്നാണു കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് പാക്കണ്ടം സ്വദേശി ബാബുവിന്റെ വീട്ടിലെ കോഴിയെ പുലി പിടിച്ചിരുന്നു. ദിവസങ്ങളായി പ്രദേശത്ത് പല ഭാഗത്തും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
കലഞ്ഞൂർ പൂമരുതി കുഴിയിലും ഇഞ്ചപ്പാറയിലും ഒരേദിവസമാണു പുലി ഇറങ്ങിയത്. ഇഞ്ചപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കയറി കോഴിയെ പുലി പിടിച്ചു. പൂമരുതികുഴിയിൽ വളർത്തു നായയെ പിന്തുടർന്ന് എത്തിയ പുലി വീടിനുള്ളിലേക്ക് ഓടി കയറി. തുടർന്ന് പൂമരുതി കുഴിയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനോടൊപ്പം തന്നെയാണ് പൂമരുതി കുഴിയിൽ കാട്ടാന വീടിന്റെ ജനൽ തകർത്തത്. ഇതോടെ ഭീതിയിലാണ് രണ്ട് മേഖലയിലെയും ജനങ്ങൾ.
കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ടു തവണ പുലി കുടുങ്ങിയിരുന്നു. അരുവാപ്പുലം, കലഞ്ഞൂർ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ 2022 മുതൽ 2024 വരെ നിരവധി തവണ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.
കൂടൽ ഇഞ്ചപ്പാറയിൽ 2023 സെപ്റ്റംബർ 21 നാണ് വനം വകുപ്പിന്റെ കെണിയിൽ പുലി ആദ്യം കുടുങ്ങിയത്. 2022 നവംബർ 21 നാണ് കലഞ്ഞൂർ കുടപ്പാറയിൽ പുലി ആടിനെ പിടികൂടിയത്. വീണ്ടും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആധുനിക നിരീക്ഷണ കാമറകൾ ഉപയോഗിച്ച് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് പൂച്ചക്കുളത്ത് പുലി ഉടമസ്ഥന്റെ കണ്മുന്നിൽ വളർത്തുനായയെ പിടിച്ചത്. പിന്നീട് കൂടൽ ഇഞ്ചപ്പാറയിൽ പുലി ആടിനെ കടിച്ചു കൊന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുറിഞ്ഞകല്ലിലെ വീട്ടിൽ നിന്നും പുലിയുടെതെന്ന് കരുതുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചത്.
അതിരുങ്കൽ, പോത്തുപാറ, ഇഞ്ചപ്പാറ, പൂമരുതിക്കുഴി തുടങ്ങി നിരവധി സ്ഥലങ്ങളിൽ പിന്നീട് തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 2023 സെപ്റ്റംബർ 21 ന് കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലി കുടുങ്ങി എന്ന ആശ്വാസത്തിൽ ജനങ്ങൾ കഴിയുന്നതിനിടെ പിന്നീട് പല സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായി.
ഒരു മാസത്തിനിടെയാണ് ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയത്. മുമ്പ് സംസ്ഥാന പാത മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായും ജനങ്ങൾ പറയുന്നു. രണ്ടു പഞ്ചായത്തിലുമായി ഏകദേശം 20ലധികം ആടുകളെ പുലി ഭക്ഷിച്ചു.
വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവരും അനവധിയാണ്. തണ്ണിത്തോട് പൂച്ചക്കുളത്തും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.