പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ
text_fieldsകലഞ്ഞൂർ പൂമരുതിക്കുഴിയിൽ വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിക്കുന്നു
കോന്നി: കലഞ്ഞൂർ പൂമരുതിക്കുഴിയിലും ഇഞ്ചപ്പാറയിലും പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. ഇഞ്ചപ്പാറയിൽ കൂട്ടിൽകയറി കോഴിയെ പിടിക്കുകയും പൂമരുതിക്കുഴിയിൽ വളർത്തുനായെ പിന്തുടർന്നെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇതോടെ ഭീതിയിലാണ് ജനങ്ങൾ. നേരത്തേ കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ടുതവണ പുലി കുടുങ്ങിയിരുന്നു.
പുലിയുടെ ശല്യം രൂക്ഷമായതോടെ കൂടൽ ഇഞ്ചപ്പാറയിൽ 2023 സെപ്റ്റംബർ 21ന് വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി ആദ്യം കുടുങ്ങിയത്. ഇതോടെ ശല്യം ഒഴിഞ്ഞെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, പിന്നീടും പലതവണ പുലിയെ കണ്ടു. ജൂലൈയിൽ ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു.
ഇതിന് മുമ്പ് സംസ്ഥാന പാത മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായും ജനങ്ങൾ പറയുന്നു. രണ്ട് പഞ്ചായത്തിലുമായി ഏകദേശം ഇരുപതിൽ അധികം ആടുകളെയാണ് പുലി കൊന്നത്. വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവരും അനവധിയാണ്. തണ്ണിത്തോട് പൂച്ചക്കുളത്തും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
വനം വകുപ്പ് കൂട് സ്ഥാപിച്ചു
കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായെ പിന്തുടർന്ന് പുലി വീട്ടിലേക്ക് ഓടിക്കയറിയ സംഭവത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. പ്രത്യേകം തയാറാക്കിയ കൂട്ടിൽ ആടിനെ കെട്ടിയിട്ടാണ് കെണി ഒരുക്കിയത്. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്.
പൂമരുതിക്കുഴി പൊന്മേലിൽ വീട്ടിൽ രേഷ്മയുടെ വീട്ടിലേക്കാണ് തിങ്കളാഴ്ച പുലി ഓടി ക്കയറിയത്. രേഷ്മ വാതിൽ അടച്ചതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു. കൂടൽ ഇഞ്ചപ്പാറയിലും തിങ്കളാഴ്ച തന്നെ പുലി ഇറങ്ങി കോഴിയെ പിടിച്ചിരുന്നു.