മണക്കാട്ടൂപ്പുഴയിൽ പുലി
text_fieldsകോന്നി: കലഞ്ഞൂർ മണകാട്ടുപുഴയിൽ പുലിയെത്തിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് നാട്ടുകാർ പുലിയെയും കുട്ടിയെയും കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. രണ്ടു തവണ പുലിയെ കണ്ടതായാണ് പറയുന്നത്. രാത്രി പുലി റോഡ് കുറുകെ കടന്നുപോകുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു.
തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പുലിയുടെ കാൽപാടുകളും കണ്ടെത്തി. സ്ഥലത്ത് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചു. നിലവിലുള്ള കൂടുകൾ പൂമരുതി കുഴി, പാക്കണ്ടം പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ അടുത്ത ജില്ലയിൽനിന്ന് കൂട് എത്തിച്ച് വേണം വെക്കുവാൻ.
ഇതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും വനപാലകർ അറിയിച്ചു. പ്രദേശത്ത് സ്വകാര്യ ഭൂമിയിൽ വളർന്നുനിൽക്കുന്ന കാടുകൾ യഥാസമയം വെട്ടിമാറ്റാത്തത് വന്യജീവി ശല്യം വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഞള്ളൂരിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാന കൃഷി തകർത്ത നിലയിൽ
ഊട്ടുപാറയിൽ പുലി തെരുവുനായെ ആക്രമിച്ചു
കോന്നി: അരുവാപ്പുലം ഊട്ടുപാറയിൽ പുലി തെരുവ്നായയെ ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഊട്ടുപാറ പുന്തലമുരുപ്പ് ഭാഗത്താണ് സംഭവം. കാവുങ്കൽ ജോസിന്റെ വീടിന് സമീപം രാത്രി പന്ത്രണ്ടരയോടെ നായയെ പുലി പിടികൂടുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു. പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂട് സ്ഥാപിക്കുവാൻ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടികൾക്കായി വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
വീട്ടുമുറ്റത്ത് കാട്ടാന കൃഷിയും സെപ്റ്റിക് ടാങ്കും തകർത്തു
കോന്നി: ഞള്ളൂരിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാന സെപ്റ്റിക് ടാങ്കും കൃഷിയും തകർത്തു. ശനിയാഴ്ച മൂന്നോടെയാണ് സംഭവം. അതുമ്പുംകുളം ഞള്ളൂർ സിമി അനിലിന്റെ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടാന മുറ്റത്ത് നിൽക്കുന്നത് കണ്ടത്.
ഇതോടെ ഒന്നര വയസുള്ള കുഞ്ഞ് അടക്കമുള്ള കുടുംബം വീടിന്റെ ടെറസിൽ കയറി രക്ഷപെടുകയായിരുന്നു. വീടിന് സമീപം ഉണ്ടായിരുന്ന കൃഷികളും കാട്ടാന നശിപ്പിച്ചു. ഞള്ളൂർ ഫോസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മാസങ്ങളായി ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമാണ്.
മാസങ്ങൾക്കു മുമ്പ് ഞള്ളൂരിൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബിജി മാടമ്പിലിന്റെ വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചിരുന്നു. അതുമ്പുംകുളത്തിനോടു ചേർന്ന പ്രദേശമായ ആവോലിക്കുഴിയിലും കാട്ടാന ശല്യം വർധിച്ചു. പലയിടത്തും സൗരോർജ വേലികളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി. അതുമ്പുംകുളത്ത് മുമ്പ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.