മെഡിക്കൽ കോളജ് ജീവനക്കാർക്ക് യൂനിഫോം അലർജി; മിക്ക ജീവനക്കാരും ജോലി ചെയ്യുന്നത് യൂനിഫോം ധരിക്കാതെ
text_fieldsകോന്നി: എല്ലാ തൊഴിൽ മേഖലയിലും ജീവനക്കാർക്ക് യൂനിഫോം ഇടാൻ കഴിയുമെങ്കിൽ ഇതിനോട് അലർജിയാണ് കോന്നി മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്ക്. ഡി.എം.ഇ യുടെ കീഴിലുള്ള കോന്നി മെഡിക്കൽ കോളജിലെ സ്ഥിരം ജീവനക്കാർ എല്ലാ വർഷവും യൂനിഫോം അലവൻസ് എന്ന ഇനത്തിൽ ജോലിയുടെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് സർക്കാറിൽനിന്ന് തുക കൈപ്പറ്റുന്നതായാണ് വിവരം.
എല്ലാ ജീവനക്കാർക്കും അവരവർക്ക് നിർദേശിച്ചിട്ടുള്ള യൂനിഫോമുകൾക്ക് പ്രത്യേക നിറമുണ്ട്. എന്നാൽ, അലവൻസ് വാങ്ങുന്ന മിക്ക ജീവനക്കാരും യൂനിഫോം ധരിക്കാതെയാണു ജോലി ചെയ്യുന്നത്. ഡ്യൂട്ടി സമയത്ത് യൂനിഫോം ധരിക്കണം എന്നാണെങ്കിലും ആരും പാലിക്കുന്നില്ല. ഓഫീസ് അറ്റൻഡർമാരും യൂനിഫോം ധരിക്കാറില്ല. ഇതേ ഗ്രേഡിൽ ഉള്ള മറ്റു ജീവനക്കാർ ധരിക്കുന്നുമുണ്ട്. നഴ്സ്, നഴ്സിങ് സൂപ്പർവൈസർ, നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് ടു ജീവനക്കാർ, ലാബിലും ഫാർമസിയിലും ഉള്ള ചുരുക്കം ചില ജീവനക്കാർ എന്നിവരാണ് യൂനിഫോം ധരിക്കുന്നത്.
അത്യാഹിത വിഭാഗത്തിലുള്ള ജൂനിയർ ഡോക്ർമാർ പോലും വെള്ള കോട്ടുകൾ ധരിക്കാറില്ല. അതിനാൽ തന്നെ ഡോക്ടർ ഏത്, രോഗി ഏത് എന്ന ആശയക്കുഴപ്പത്തിലാണ് രോഗികളും കൂട്ടിരുപ്പുകാരും. പി.എസ്.സി വഴി ജോലി ലഭിച്ച ഡ്രൈവർ പോലും യൂനിഫോം ഇടാൻ തയാറല്ല.