അഞ്ച് തലമുറകളെ മണ്ണിൽ ഹരിശ്രീ കുറിപ്പിച്ച് തങ്കമണി ആശാട്ടി
text_fieldsവിദ്യാർഥികളെ പഠിപ്പിക്കുന്ന തങ്കമണി ആശാട്ടി
കോന്നി: പുതുതലമുറ ഡിജിറ്റൽ യുഗത്തിൽനിന്ന് അക്ഷരം കുറിക്കുമ്പോൾ തലമുറകളായി കൈമാറി കിട്ടിയ അക്ഷരജ്ഞാനം മൺ തരികളിലും അറക്കപ്പൊടിയിലും ചൂണ്ടുവിരൽ അമർത്തി അക്ഷരം പഠിപ്പിക്കുകയാണ് ഞള്ളൂരിലെ പുത്തൻ വീട്ടിൽ തങ്കമണി (73) എന്ന ആശാട്ടി. തറയിൽ വിരിച്ച മണലിൽ അഞ്ച് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നതിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ആശാട്ടിക്ക്. പ്ലേ സ്കൂളുകളും അംഗൻവാടികളും എല്ലാം ആധുനിക ലോകം കൈയടക്കിയപ്പോൾ കേരളത്തിന്റെ ആദ്യഗുരുകുലമായിരുന്ന ആശാൻ പള്ളിക്കൂടങ്ങളും വിസ്മൃതിയിലാണ്ടു.
എന്നാൽ, അഞ്ച് തലമുറകൾക്ക് അറിവ് പകർന്ന തങ്കമണി എന്ന ആശാട്ടി വീട്ടിൽ നടത്തുന്ന ആശാൻ പള്ളിക്കൂടം ഇപ്പോഴും സജീവമാണ്. ആറ് കുരുന്നുകൾ ഇവിടെ അക്ഷര മധുരം നുകരാൻ എത്തുന്നുണ്ട്. പതിനാറാമത്തെ വയസ്സിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകാൻ തുടങ്ങിയതാണ്. വെട്ടൂരിലെ സ്വന്തം വീട്ടിൽ ആയിരുന്നു ആദ്യത്തെ ആശാൻ പള്ളിക്കൂടം. പതിനാറാമത്തെ വയസ്സിൽ അമ്മയുടെ ചുവടുപിടിച്ചാണ് നിലത്തെഴുത്ത് ലോകത്തേക്ക് കടന്നുവരുന്നത്. കുസൃതി കുരുന്നുകളായ ജീവ, അഭിദേവ്, വിജനത്ത്, ആദിത്യൻ, അശ്വിൻ, കാർത്തിക് ദേവ് എന്നിവരാണ് നിലവിൽ ഇവിടെ പഠനത്തിനായി എത്തുന്നത്.
ഏഴ് സെന്റ് വസ്തുവിൽ നിലനിൽക്കുന്ന വീട്ടിലാണ് തങ്കമണി ആശാട്ടി താമസിക്കുന്നത്. ഭർത്താവ് കെ.ജി. രാജൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ചെറിയ വീട്ടിൽ കുട്ടികൾക്ക് ഇരിക്കുവാൻ ഇടമില്ലാത്തതിനാൽ അടുക്കളയുടെ മൂലയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളെ ഇരുത്തി പഠിപ്പിക്കുവാൻ ഒരു സൗകര്യം ഉണ്ടാകണം എന്നതാണ് തങ്കമണി ആശാട്ടിയുടെ ആവശ്യം. ഒരു ഉപജീവനമാർഗം എന്നതിൽ ഉപരി ആരോഗ്യമുള്ള കാലത്തോളം ആശാൻ പള്ളിക്കൂടത്തിൽ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുമെന്നും തങ്കമണി ആശാട്ടി പറയുന്നു.