ഓണം 2k25; ആഘോഷത്തിന്റെ ചിന്നംവിളി
text_fieldsകരിയാട്ടം
കോന്നിയുടെ ചരിത്രവും ഐതിഹ്യവും വിളംബരം ചെയ്യുന്ന സാംസ്കാരികോത്സവമായ കരിയാട്ടം ടൂറിസം എക്സ്പോക്ക് തുടക്കം. ഓണത്തിനൊപ്പം ഇനി പത്ത് ദിവസം കോന്നിക്ക് ഉത്സവാന്തരീക്ഷത്തിന്റെ രാപ്പകലുകൾ. കെ.എസ്.ആർ.ടി.സി മൈതാനമാണ് എക്സ്പോയുടെ പ്രധാനവേദി. സെപ്റ്റംബർ എട്ടിന് സമാപിക്കും.
ചരിത്രം പറയുന്ന കരിയാട്ടം
എ.ഡി 75ാം ആണ്ടിൽ പാണ്ഡ്യദേശത്തുനിന്ന് തീരുമല നായ്ക്കരെ പേടിച്ച് തെങ്കാശിയിൽ എത്തിയ ചെമ്പഴന്നൂർ രാജകുടുംബം എ.ഡി 79 ൽ അവിടെ നിന്നും പാണ്ഡ്യ സേനയുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ എത്തി, ചെമ്പഴന്തി കോവിലകക്കാർ എന്ന പേരിൽ കാലങ്ങളോളം മലയോര നാട്ടിൽ കഴിഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥാപിച്ച ക്ഷത്രിയ കുടുംബം ഏതാണ്ട് എ.ഡി 903 ഓടെ മലയോര ഗ്രാമം വിലക്ക് വാങ്ങി കോന്നി ആസ്ഥാനമാക്കി നാട്ടുരാജ്യം സ്ഥാപിച്ചു.
രാജകുടുംബത്തിന് കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടിക്കൊമ്പനെ കോവിലകത്ത് പരിപാലിച്ച് സുഖപ്പെടുത്തിയതിന് ശേഷം ക്ഷേത്രത്തിൽ നടയിരുത്തി. അമ്പല മുറ്റത്ത് കുട്ടിക്കുറുമ്പ് കാട്ടി നടന്ന കുട്ടിയാന ലക്ഷണമൊത്ത കൊമ്പനായി വളർന്ന് നാടിന് പ്രിയങ്കരനായി. കരിങ്കൊമ്പൻ എന്ന് നാട്ടുകാർ വാത്സല്യത്തോടെ വിളിച്ച അമ്പലക്കൊമ്പനെ ഒരിക്കൽ പോലും ചങ്ങലക്കിട്ടിരുന്നില്ല. എന്നാൽ ഏതാണ്ട് എ.ഡി1000 ാം ആണ്ടിൽ ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർക്ക് നാട്ടുരാജ്യത്തിന്റെ ആസ്ഥാനം പന്തളത്തേക്ക് മാറ്റേണ്ടി വന്നു.
ചെമ്പഴന്തി കോവിലകക്കാർ പന്തളത്തേക്ക് ആസ്ഥാനം മാറ്റിയപ്പോൾ കരിങ്കെമ്പനെ കൂടി കോന്നിയിൽ നിന്നും പന്തളത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. നാടാകെ കരിങ്കൊമ്പന്റെ നഷ്ടത്തിൽ ദുഃഖത്തിലായി. നാളുകൾ കഴിഞ്ഞ് നാട്ടുകാർ ഒന്നിച്ച് പന്തളത്ത് കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിക്ക് തിരിച്ചു തരണമെന്ന് രാജാവിനോട് അഭ്യർഥിച്ചു. അഭ്യർഥന രാജാവ് നിരസിച്ചു. നാട്ടുകാർ തിരികപ്പൊന്ന ശേഷം കൊമ്പൻ ഭക്ഷണവും വെള്ളവും എടുക്കാതെ ഒറ്റനിൽപ്പ് തുടർന്നു. ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചു വരവിൽ സന്തോഷം കൊണ്ട് കോന്നി ദേശം ഉത്സവപ്പറമ്പു പോലെയായി.
നാട്ടിലെ എല്ലാ ആനകളേയും കൂട്ടി പോയി കൊമ്പനെ വരവേൽക്കാൻ നാട്ടുകാർ ഒരുങ്ങി. പക്ഷേ ഇത്രയധികം ആനകളെ ഇത്ര ദൂരം നടത്താനുള്ള ബുദ്ധിമുട്ടിൽ ആ ശ്രമം ഉപേക്ഷിച്ചു. പകരം നാട്ടുകാരെല്ലാം ആനവേഷം കെട്ടി പന്തളത്തെത്തി കൊമ്പനെ സ്വീകരിച്ച് കോന്നിക്ക് ആനയിച്ചു. നാട്ടിലെ ആനകളാകെ നെറ്റിപ്പട്ടമണിഞ്ഞ് കോന്നിയിൽ ഒരുങ്ങി നിന്നു. ആനകളും ആനവേഷധാരികളായ നാട്ടുകാരും ഒരുമിച്ച് കരിങ്കൊമ്പനെ സ്വീകരിച്ച് ആനയിച്ച ദിവസം കോന്നിയിൽ കരിയാട്ടം ഉത്സവത്തിന് തുടക്കമായി.
കോന്നിയുടെ സൗന്ദര്യം ലോകത്തിന് പരിചയപ്പെടുത്താനും ടൂറിസത്തിലൂടെ കോന്നിയുടെ വികസന സാധ്യതകൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ 2023ലാണ് കരിയാട്ടം ടൂറിസം എക്സ്പോക്ക് തുടക്കം കുറിച്ചത്.