കോന്നി മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ് വിളയാട്ടം
text_fieldsഇരുചക്രവാഹനത്തിന്റെ സീറ്റ് തെരുവുനായ്ക്കൾ നശിപ്പിച്ച നിലയിൽ
കോന്നി: കോന്നി മെഡിക്കൽ കോളജ് പരിസരത്തു തെരുവ് നായ്ക്കളുടെ വിളയാട്ടം. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ അടിഭാഗത്തെ പാർക്കിങ് ഏരിയയിൽ കഴിഞ്ഞ ദിവസം തെരുവ് നായ ഇരുചക്ര വാഹനത്തിന്റെ സീറ്റ് കടിച്ചു കീറി നശിപ്പിച്ചു. ആശുപത്രി പരിസരത്ത് പുറത്തുനിന്ന് കൊണ്ടുവന്ന് തള്ളുന്ന മാലിന്യം തെരുവ് നായ ശല്യം വർധിപ്പിച്ചിരിക്കുകയാണ്.
വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കൾ കടിച്ചു കീറി റോഡിൽ വലിച്ചിഴക്കുന്നത് പതിവ് കാഴ്ചയാണ്. മെഡിക്കൽ കോളജ് കവാടത്തിന് അടുത്താണ് നായകൾ തമ്പടിക്കുന്നത്. ഇത് ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്ക് അടക്കം വലിയ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മെഡിക്കൽ കോളേജ് റോഡിൽ വളർന്നു നിൽക്കുന്ന കാടുകൾ നീക്കം ചെയ്യാത്തതും നായ്ക്കൾ വർധിക്കാൻ കാരണമാണ്. റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നായ്ക്കൾ വലിച്ചിഴച്ച് സമീപത്തെ വീടുകളുടെ മുറ്റത്തെക്കും കൊണ്ടിടുന്നുണ്ട്. മാലിന്യങ്ങൾ കാക്കയും കൊക്കും കൊത്തി ജനവാസ കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് ഇടുന്നതും പതിവാണ്. മെഡിക്കൽ കോളജിൽ വരുന്ന ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ ഓടിയടുക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. നായ ശല്യത്തിനൊപ്പം കുമ്മണ്ണൂർ, മുളന്തറ, മാവനാൽ, നെടുംപാറ പ്രദേശങ്ങളിൽ വന്യമൃഗ ശല്യവും വർധിക്കുകയാണ്.