കോന്നി തേക്കിന് പെരുമയേറുന്നു
text_fieldsകല്ലേലി തേക്ക് ഡിപ്പോ
കോന്നി: സംസ്ഥാനത്തെ തന്നെ വനം വകുപ്പിന്റെ പ്രധാന തേക്ക് തടി വിൽപന കേന്ദ്രമായ കല്ലേലി തേക്ക് ഡിപ്പോയിൽ തടികളുടെ വിൽപന വർധിച്ചു. മൂന്നു മാസത്തിനിടെ മൂന്നു കോടിയിലേറെ രൂപയുടെ തടിയാണ് ഡിപ്പോയിൽനിന്ന് വിറ്റഴിച്ചത്. തെക്കൻ കേരളത്തിൽ ജനങ്ങൾക്ക് നേരിട്ട് തേക്ക് തടി വാങ്ങാനാകുന്ന ഡിപ്പോകളിൽ ഒന്നാണ് പുനലൂർ ടിംബർ സെയിൽസ് ഡിപ്പോയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേലി തേക്ക് ഡിപ്പോ.
അറുപതു വർഷത്തിൽ പരം പഴക്കമുള്ള തേക്കാണ് ഇവിടെനിന്ന് വിൽക്കുന്നത്. നാട്ടിൽ വളരുന്ന തേക്കിനേക്കാൾ ഗുണമേന്മ കൂടുതലാണ് കാട്ടുതേക്കിനെന്നാണ് കച്ചവടക്കാർ പറയുന്നത്. നിറവും മണവും നോക്കി തേക്കിന്റെ ഗുണ നിലവാരം നിശ്ചയിക്കുന്ന കച്ചവടക്കാർ ഉണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ തേക്കുകൾ കൊണ്ടുപോകുന്നത്. തേക്ക് ലോഡ് എത്തിയാലുടൻ വാങ്ങുവാൻ ഇവിടങ്ങളിൽ വലിയ വ്യവസായ സംഘങ്ങൾ തയാറാണെന്നും ഇടനിലക്കാർ പറയുന്നു.
കോന്നി, റാന്നി വനം ഡിവിഷനുകളിലെ തേക്ക് തോട്ടങ്ങളിൽ വളരുന്ന തേക്കുകളാണ് ഡിപ്പോയിൽ കൂടുതലായും വിൽക്കുന്നത്. വീട് നിർമാണത്തനായി തടികൾ വാങ്ങുന്നവരും ഉണ്ട്. വീട് നിർമാണ അനുമതി പത്രം, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി എത്തിയാൽ തേക്ക് വാങ്ങാം.
ലേലത്തിലൂടെയാണു വിൽപന. ക്ഷേത്രങ്ങളുടെ നിർമാണത്തിനും ഇവിടെനിന്ന് തടികൾ വാങ്ങാറുണ്ട്. തേക്കിനോട് ഒപ്പം തന്നെ ചന്ദനവും വിൽപനക്കുണ്ട്. മറയൂരിൽനിന്ന് എത്തിക്കുന്ന ചന്ദനമാണ് വിൽക്കുന്നത്. ഇതിനു പ്രത്യേക സ്ട്രോങ് റൂമും ക്രമീകരിച്ചിട്ടുണ്ട്. മരുതി, തേമ്പാവ്, വെന്തേക്ക്, ഇലവ്, വട്ട തുടങ്ങിയ പാഴ്മരങ്ങളും വിൽക്കുന്നുണ്ട്.