രാജേന്ദ്രന്റെ മരണം; അന്വേഷണം ഊർജിതം
text_fieldsകോന്നി: തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ വെള്ളാട്ട് തോട്ടിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. തിരുവനന്തപുരം പാറശാല സ്വദേശി രാജേന്ദ്രൻ(52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നിയിൽ മേസ്തിരി ജോലി ചെയ്തുവരികയായിരുന്നു.
തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതും ഒരു വശത്തേക്ക് ചരിഞ്ഞു വെള്ളത്തിൽ കിടന്നിരുന്നതുമെല്ലാം ദുരൂഹത ജനിപ്പിക്കുന്നു. ഈ ഭാഗത്ത് സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇയാൾ എങ്ങനെ ഇവിടെ എത്തിയെന്ന ചോദ്യം ബാക്കിയാണ്.
കോന്നിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ രാജേന്ദ്രനെ കാണാനില്ലായിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി നഗരത്തിൽ ഗ്രാമ പഞ്ചായത്ത് കാമറകൾ സ്ഥാപിച്ചിട്ടും ഒന്നും പ്രവർത്തനക്ഷമമല്ലാത്തത് അപകടകൾക്ക് ഉൾപ്പെടെ തെളിവ് ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.