ഡ്രൈവർമാരുടെയും ടെക്നീഷ്യന്മാരുടെയും സമരം; ‘108 ആംബുലൻസു’കളുടെ സർവിസ് നിലച്ചു
text_fieldsകോന്നി: ചട്ടങ്ങൾക്ക് വിരുദ്ധമായി ‘108 ആബുലൻസു’കളുടെ ഡ്രൈവർമാരേയും ടെക്നീഷ്യൻമാരേയും നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ഡ്രൈവർമാരുടെയും മെഡിക്കൽ ടെക്നീഷ്യന്മാരുടെയും സമരത്തെ തുടർന്ന് 108 ആംബുലൻസുകളുടെ പ്രവർത്തനം നിലച്ചു. നിരാലംബരായ രോഗികളെയും അപകടത്തിൽ പരിക്കേറ്റവരെയും സൗജന്യമായി സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളജുകളിലേക്കും എത്തിക്കുന്ന സംവിധാനമാണ് 108 ആംബുലൻസ് സർവിസ്.
അടുത്ത അഞ്ചു വർഷത്തേക്ക് 224 കോടി രൂപ കുറവിൽ നടത്തിപ്പ് ഏറ്റെടുക്കാൻ ജിവികെ കമ്പനി മുന്നോട്ടുവന്നെന്നാണ് സൂചന. ജീവനക്കാരെ വെട്ടിക്കുറച്ചും ശമ്പളം കുറച്ചും ഈ നഷ്ടം നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണു വിവരം. 2019–24 ൽ 517 കോടി രൂപക്ക് ഏറ്റെടുത്തിരുന്ന ടെൻഡറാണ് ഇത്തവണ 293 കോടി രൂപക്ക് ജിവികെ ഇ.എം.ആർ.ഐ ക്വോട്ട് ചെയ്തിരിക്കുന്നത്. ഓരോ ആംബുലൻസിലും നഴ്സും ഡ്രൈവറും ഉണ്ടാകണമെന്നായിരുന്നു ചട്ടം. നേരത്തെ എമർജൻസി മെഡിക്കൽ ടെക്നീഷ്യന് (നഴ്സ്) ജി.എൻ.എം/ബി.എസ് സി നഴ്സിങ് യോഗ്യത വേണമെന്നായിരുന്നു നിബന്ധന. എന്നാൽ പുതിയ സംവിധാനത്തിൽ ആംബുലൻസിൽ നഴ്സ് ഉണ്ടാവില്ല. ഇപ്പോൾ എമർജൻസി ടെക്നീഷ്യന്മാരായി നിയമിക്കുന്നവർക്ക് പ്ലസ്ടുവും മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള ഇ.എം.ടി കോഴ്സുമാണ് യോഗ്യത. 23,000 രൂപയായിരുന്നു നഴ്സിന്റെ ശരാശരി ശമ്പളം. പരിശീലനം നൽകി പുതുതായി നിയമിക്കപ്പെടുന്നവർക്ക് ശമ്പളം കുറവു നൽകിയാൽ മതിയാവും.
പ്രസവമടക്കം 108 ആംബുലൻസിൽ നടക്കുന്നുണ്ട്. പ്രാഥമിക ശുശ്രൂഷക്ക് മാത്രമുള്ള പരിശീലനം ലഭിച്ച ഇ.എം.ടി കോഴ്സ് കഴിഞ്ഞവർക്ക് ഇത് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിലുള്ള ഡ്രൈവർമാരും 5 വർഷത്തിലേറെ സേവനമുള്ളവരാണ്. 21000, 18000 രൂപ വീതമാണ് ഇവരുടെ ശരാശരി ശമ്പളം. ഇവരുടെ കരാർ അവസാനിപ്പിച്ചു പുതുതായി ആളുകളെ നിയമിക്കുന്നതോടെ ആ ചെലവും കുറക്കാനാണു പദ്ധതി.
നിലവിലുള്ള ജീവനക്കാരെ തുടരാൻ അനുവദിക്കണമോ വേണ്ടയോ എന്നതു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പുതുതായി കരാർ നേടുന്ന കമ്പനിക്കായിരിക്കും എന്ന വ്യവസ്ഥയും ടെൻഡറിൽ ചേർത്തിട്ടുണ്ട്.
ജില്ലയിൽ 108 ആംബുലൻസിന്റെ സേവനമുള്ള ആശുപത്രികൾ
കോന്നി മെഡിക്കൽ കോളജ്, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, എന്നാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം, ഏഴുമറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം, വെച്ചുച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം, കോഴഞ്ചേരി ജില്ല ആശുപത്രി, അടൂർ ജില്ല ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി.


