ജില്ലയിലെ സ്റ്റേഷനുകളിൽ ആവശ്യത്തിന് വനിത പൊലീസുകാരില്ല
text_fieldsകോന്നി: പൊലീസ് സ്റ്റേഷനുകളിൽ വനിത ഉദ്യോഗസ്ഥരുടെ അംഗ ബലം വർധിപ്പിക്കാത്തത് പോക്സോ കേസ് അടക്കമുള്ളവയുടെ നടപടി ക്രമങ്ങളെ സാരമായി ബാധിക്കുന്നു. കോന്നി മണ്ഡലത്തിൽ കോന്നി, തണ്ണിത്തോട്, ചിറ്റാർ, കൂടൽ, മലയാലപ്പുഴ എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധിയാണുള്ളത്. കോന്നി സ്റ്റേഷനിൽ വനിത ഉദ്യോഗസ്ഥർ നാലുപേർ വേണ്ടിടത്ത് രണ്ടു പേർ മാത്രമാണുള്ളത്.
രാത്രിയിൽ വനിതകളുമായി ബന്ധപ്പെട്ട കേസെടുക്കേണ്ട സാഹചര്യം വന്നാൽ പത്തനംതിട്ടയിൽ നിന്നോ മറ്റോ വനിതാ പൊലീസ് എത്തി വേണം നടപടികൾ പൂർത്തീകരിക്കാൻ. വനിതകൾ പ്രതികളാകുന്ന കേസിൽ വനിത പൊലീസിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കുന്ന നടപടികളും ഉൾപ്പടെ പൂർത്തീകരിക്കാൻ. പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് വനിതകളെ അറസ്റ്റ് ചെയ്ത് നീക്കണമെങ്കിൽ പോലും ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
മാത്രമല്ല ജില്ലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ വനിത ഉദ്യോഗസ്ഥർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.വകുപ്പുതലത്തിൽ നിയമനങ്ങൾ നടത്തിയെങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.