അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കാന്റീനിൽ ഉച്ചഭക്ഷണമില്ല
text_fieldsകോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കാന്റീനിൽ ഉച്ചക്ക് ഊണ് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ഇല്ലാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പുനഃരാരംഭിക്കാൻ നടപടിയില്ല. കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏക ആശ്രയമായിരുന്നു ഈ കാന്റീൻ. ഈ പ്രദേശത്ത് ഭക്ഷണം ലഭിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാ താനും . കുറച്ചുകാലം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കാന്റീനിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവ പരിഹരിച്ച ശേഷം തുറന്ന് പ്രവർത്തിക്കാൻ നിർദേശിച്ചിരുന്നെങ്കിലും കാന്റീൻ പൂർണമായി അടച്ചിടുകയാണ് ചെയ്തത്. പിന്നീട് തുറന്നുവെങ്കിലും ചായയും കാപ്പിയും ചെറുകടികളും മാത്രമാണ് നിലവിലുള്ളത്. കാരണം അന്വേഷിച്ചപ്പോൾ ഊണും കറികളും കൊടുക്കാൻ ഉള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് വനം വകുപ്പ് എടുത്തിട്ടില്ലെന്നും ചായയും പലഹാരവും മാത്രം കൊടുത്താൽ മതി എന്നാണ് ഉന്നത അധികൃതരുടെ നിർദേശം എന്നുമാണ് ലഭിച്ച മറുപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികൾ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ തണ്ണിത്തോട്ടിലെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ.