കോന്നി ഇക്കോ ടൂറിസം സെന്ററിൽ തുമ്പോർജിയ വീണ്ടും പൂത്തു
text_fieldsകോന്നി: ഗവി വനങ്ങളിലെ സൗന്ദര്യത്തിന് പകിട്ടേകിയിരുന്ന തുമ്പോർജിയ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും പൂത്തുലഞ്ഞു. കുട പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന തുമ്പോർജിയ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സന്ദർശകർക്ക് തണലും അതിലേറെ കൗതുകവും പകരുന്നതാണ്. വള്ളിപ്പടർപ്പുകൾക്ക് കീഴെ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ സമയം ചെലവഴിക്കാൻ പ്രായഭേദമന്യേ സന്ദർശകരും എത്താറുണ്ട്.
ഗവി വനങ്ങളിൽ കണ്ടുവരുന്ന ഈ സസ്യം കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പ് അധികൃതർ നട്ടുപിടിപ്പിക്കുകയായിരുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് അധികൃതർ തുമ്പോർജിയ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചത്. വള്ളി മുറിച്ചാണ് നടുന്നത്. ചാണകവും ആട്ടിൻ കാഷ്ഠവും തുമ്പോർജിയക്ക് വളമായി നൽകാറുണ്ടെങ്കിലും കോന്നിയിൽ ആനപ്പിണ്ടമാണ് വളമായി നൽകിയത്.
ഒരുമാസം കൊണ്ട് വള്ളികൾ വളർന്ന് പടർന്ന് തുടങ്ങും. ഉദ്യാനങ്ങളിൽ പൂപ്പന്തലുകൾ നിർമിച്ച് നൽകിയാൽ വള്ളികൾ പൂ പന്തലിന്റെ ആകൃതിയിൽ പടർന്നു കയറുകയും വേനൽക്കാലത്ത് പോലും തണുപ്പ് നൽകുകയും ചെയ്യും. ശരീരത്തിൽ ഉണ്ടാകുന്ന നീര് ഇല്ലാതാക്കുന്ന ഈ സസ്യം ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് ആട്ടിൻ പാലും വെളിച്ചണ്ണയും കൂടി കലർത്തി ചൂടാക്കി തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ ഇല്ലാതാവുകയും മുടി തഴച്ചു വളരുകയും ചെയ്യും.