കല്ലേലി സ്കൂളിന് സമീപം കാട്ടാനക്കൂട്ടം
text_fieldsകല്ലേലി ജി.ജെ.എം യു.പി സ്കൂളിന് സമീപം എത്തിയ കാട്ടാന
കോന്നി: കല്ലേലി ജി.ജെ.എം യു.പി സ്കൂളിന് സമീപത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത് ഭീതി പരത്തി. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സ്കൂളിന് സമീപം ഇവയെ കണ്ടത്. സ്കൂളിന് സമീപത്തെ റബർതോട്ടത്തിലൂടെ ഇറങ്ങിവന്ന ആനക്കൂട്ടം, കല്ലേലി തോട്ടാവള്ളിൽ സി.എസ്. ജോയിയുടെ വാഴത്തോട്ടത്തിലെത്തി വാഴകൾ നശിപ്പിച്ച ശേഷം മൺതിട്ട ഇടിച്ചിറങ്ങി റോഡിലൂടെ വനത്തിലേക്ക് തിരിച്ചുപോയി.
കല്ലേലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജിഫിനാണ് ആദ്യം ആനയെ കണ്ടത്. സ്കൂളിന് സമീപത്ത് താമസിക്കുന്ന ജിഫിൻ കൂട്ടുകാരനൊപ്പം സൈക്കിളിൽ പോകുമ്പോൾ ആന റബർതോട്ടത്തിലൂടെ ഇറങ്ങി വരുന്നതാണ് കണ്ടത്. പിന്നീട് കുട്ടികൾ സമീപവാസികളെ അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തുമ്പോൾ സ്കൂളിന് സമീപത്ത് നാല് ആനകൾ നിലയുറപ്പിച്ചതായും കണ്ടു. പിന്നീട് ഏറെനേരത്തിന് ശേഷമാണ് ആനകൾ കാട്ടിലേക്ക് മറഞ്ഞത്.
കാട്ടാന സ്കൂളിന് സമീപത്ത് വരെ എത്തിയതോടെ ഭീതിയിലാണ് കുട്ടികളും അധ്യാപകരും. സ്കൂളിന് സമീപം അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. കല്ലേലി ഭാഗത്തുള്ള കുട്ടികൾ അടക്കം ആനകൂട്ടം ഇറങ്ങിയ വഴിയിൽ കൂടിയാണ് സ്കൂളിലേക്ക് എത്തുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങി തുടങ്ങിയതോടെ ഭീതിയിലാണ് രക്ഷിതാക്കളും. ആദ്യമായാണ് സ്കൂളിന് സമീപത്ത് കാട്ടാന എത്തുന്നതെന്ന് അധ്യാപകരും പറയുന്നു.