ബൈക്കിന് സൈഡ് കൊടുക്കാത്ത വിമുക്ത ഭടന് മർദനം; യുവാവ് അറസ്റ്റിൽ
text_fieldsകോന്നി: കൂടൽ കലഞ്ഞൂർ ഒന്നാം കുറ്റിയിൽ കാർ യാത്രികനായ വിമുക്ത ഭടനെ ബൈക്കിലെത്തി തടഞ്ഞു മർദിച്ച യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാലായിൽ ആറ്റൂർ ഭാഗം നന്ദനം അഭിനന്ദാണ് ( 24) പിടിയിലായത്.
മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തൻ വീട്ടിൽ എം.ഐ. ഇബ്നൂസിനാണ് (63) മർദനമേറ്റത്. സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽനിന്ന് വിരമിച്ച ഇബ്നൂസ് മുൻ സൈനികനുമാണ്. പത്തനാപുരത്തേക്ക് കാർ ഓടിച്ചുപോയ ഇദ്ദേഹത്തെ വശം കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയിൽ ബൈക്ക് മുന്നിൽ കയറ്റി വഴിതടഞ്ഞു മർദിക്കുകയായിരുന്നു.
കാർ തടഞ്ഞുനിർത്തി വാക്തർക്കത്തിലേർപ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കൈയിട്ട് മുഖത്ത് ഇടിച്ചു. തുടർന്ന്, ഡോർ തുറന്ന് പുറത്തിറക്കി തലക്കും ദേഹത്തും അടിക്കുകയും താഴെ വീണപ്പോൾ തറയിലിട്ട് ചവിട്ടുകയും ചെയ്തു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് ഇയാൾ മർദനം നിർത്തിയത്. എസ്.ഐ ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.