കലയടയാളം
text_fieldsഎച്ച്.എസ് വിഭാഗം പെൺ. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ് വിദ്യാർഥികൾ
കോഴഞ്ചേരി: സ്വന്തം ചിഹ്നത്തിൽ വോട്ടുതേടി സ്ഥാനാർഥികളുടെ നെട്ടോട്ടത്തിനിടെ കോഴഞ്ചേരിയുടെ അങ്കത്തട്ടിൽ കൗമാരകലയുടെ വിധിയെഴുത്ത് തുടരുന്നു. വിവിധ വേഷങ്ങളിലും ഭാവങ്ങളിലുമെത്തിയ മത്സരാർഥികളാൽ രണ്ടാം ദിനവും ജില്ല സ്കൂൾ കലോത്സവം കളറായി. ബുധനാഴ്ച ഗോത്രകലകളുടെ ചുവടിനൊപ്പമാണ് കലോത്സവനഗരി താളം തീർത്തത്. എച്ച്.എസ് വിഭാഗം മലപ്പുലയാട്ടത്തോടെയാണ് സെന്‍റ് മേരീസ് സ്കൂളിലെ രണ്ടാം വേദിയായ ഇന്ദ്രവല്ലരിയിൽ മൽസരങ്ങൾ ആരംഭിച്ചത്.
മൽസരം തുടങ്ങിയപ്പോഴേ സദസ് നിറഞ്ഞു. ഓരോ മൽസരം കഴിയുമ്പോഴും നിറഞ്ഞ കൈയടിയായിരുന്നു. പിന്നീട് പളിയനൃത്തം, ഇരുള നൃത്തം, മംഗലം കളി തുടങ്ങിയവ അരങ്ങേറി. കഴിഞ്ഞ വർഷത്തെ വിജയികളായ വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഹൈസ്കൂൾ തന്നെയാണ് മലപ്പുലയാട്ടത്തിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടിയത്. പങ്കെടുത്ത ടീമുകളുടെ വേഷം, താളം, ചുവട് ഇവയെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ പറഞ്ഞു.
മോഹിനിയാട്ടം, നാടോടിനൃത്തം വേദിയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. യു.പി വിഭാഗം മോഹിനിയാട്ടം മൽസരം നടന്നപ്പോൾ ശുഷ്കമായിരുന്നെങ്കിലും പിന്നീട് സദസ്സ് നിറഞ്ഞുകവിഞ്ഞു. ഒന്നാം വേദിയിൽ നാടക മത്സരം കാണാൻ നിരവധിപേരുണ്ടായിരുന്നു. ഇതിനിടെ, വൈദ്യുതി മുടക്കം മത്സരങ്ങൾക്ക് കല്ലുകടിയായി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പ്രധാന വേദിയിൽ വൈദ്യുതി മുടങ്ങിയത്.
സ്വർണക്കൊള്ളയും അരങ്ങിൽ
കോഴഞ്ചേരി: കലോത്സവവേദിയിൽ ശബരിമല സ്വർണക്കൊള്ളയും. ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിലാണ് സ്വർണക്കൊള്ളയും വിഷയമായത്. കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർഥിയായ കൃഷ്ണനുണ്ണിയാണ് വീടിന്റെ ചോർച്ചക്കൊപ്പം സ്വർണമോഷണവും വേദിയിൽ അവതരിപ്പിച്ചത്. വീട് ചോർന്നൊലിക്കുന്നതിന് പരിഹാരം തേടി ഭഗവാനെ കാണുമ്പോൾ അദ്ദേഹം എന്‍റെ ശ്രീകോവിലും ചോർന്നൊലിക്കുന്നുവെന്ന് പറഞ്ഞ് വിലപിക്കുകയാണ്. ഇതിനൊപ്പം വോട്ട്, പരീക്ഷ പേപ്പർ ചോർച്ചയും കൃഷ്ണനുണ്ണി ചേർത്തുനിർത്തി. വലിയ കൈയടി ലഭിച്ച കൃഷ്ണനുണ്ണിക്കാണ് ഒന്നാം സ്ഥാനവും.
കൃഷ്ണനുണ്ണിയും മുൻ കലാപ്രതിഭയായ പിതാവ് ഡോ. ശ്രീഹരിയും
പന്തളം കടയ്ക്കാട് കൃഷ്ണവിലാസം ഡോ. ശ്രീഹരിയുടേയും ഡോ. അശ്വതിയുടേയും മകനാണ്. ഡോ. ശ്രീഹരി മുൻ കലാപ്രതിഭയാണ്. സംസ്ഥാന കലോത്സവത്തിൽ രണ്ട് തവണ എഗ്രേഡ് നേടിയിട്ടുണ്ട്. ഇനി മിമിക്രിയിലും ചാക്യാർക്കൂത്തിലും മത്സരിക്കുന്നുണ്ട് കൃഷ്ണനുണ്ണി.


