കോഴഞ്ചേരി പുതിയ പാലം എന്ന് പൂർത്തിയാകും ? നിർമാണം തുടങ്ങിയിട്ട് ആറുവർഷം
text_fieldsനിർമാണം ഇഴയുന്ന കോഴഞ്ചേരിയിലെ പുതിയ പാലം
കോഴഞ്ചേരി: നിര്‍മാണം തുടങ്ങി ആറുവര്‍ഷം പിന്നിടുമ്പോഴും കോഴഞ്ചേരിയിലെ പുതിയ പാലം എന്നു പൂര്‍ത്തിയാകുമെന്ന് ആര്‍ക്കും ഉത്തരമില്ല. ഇതിനകം കരാറുകാര്‍ മാറി, നിര്‍മാണ കാലാവധി നീട്ടി നല്കി. എസ്റ്റിമേറ്റുകള്‍ പുതുക്കി. എന്നാല്‍, ഇപ്പോഴും പാലം മറുകര തൊടാനായിട്ടില്ല.
ഇടക്ക് ഒരു സ്പാന്‍കൂടി പൂര്‍ത്തിയായാല്‍ ഇരുകരയും തമ്മില്‍ പാലത്തിന് ബന്ധമാകും. ഇപ്പോഴത്തെ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഇതു സാധ്യമാകുമോയെന്നാണ് നാട്ടുകാരുടെ ആകാംക്ഷ. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പദ്ധതിയില്‍ കോഴഞ്ചേരി പാലത്തിന്റെ പൂര്‍ത്തീകരണം ഉള്‍പ്പെടുമെന്ന പ്രതീക്ഷയും പ്രദേശവാസികള്‍ക്കുണ്ട്.
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിന് കുറുകെയാണ് പുതിയ കോഴഞ്ചേരി പാലം നിര്‍മിക്കുന്നത്. നിലവിലെ കോഴഞ്ചേരി പാലത്തിന്റെ വീതിക്കുറവും വാഹനത്തിരക്കും കണക്കിലെടുത്താണ് പുതിയ ഒരു പാലത്തിന് നിര്‍ദേശമുണ്ടായത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന വിക്ടര്‍ ടി. തോമസാണ് രണ്ടാമതൊരു പാലത്തിനുള്ള നിര്‍ദേശം ആദ്യം സമര്‍പ്പിച്ചത്.
ധനമന്ത്രിയായിരുന്ന അന്തരിച്ച കെ.എം. മാണി ഇത് അംഗീകരിക്കുകയും ചെയ്തു. 10 വര്‍ഷം മുമ്പ് ബജറ്റില്‍ തുക നീക്കിവെച്ചതോടെ അന്നത്തെ എം.എല്‍.എയായിരുന്ന കെ. ശിവദാസന്‍ നായര്‍ പാലം നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചു. നിര്‍മാണോദ്ഘാടനം നടന്നതൊഴിച്ചാല്‍ തുടര്‍നടപടി എങ്ങും എത്തിയില്ല.
പദ്ധതി കിഫ്ബി ഏറ്റെടുത്തു
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ആറന്മുള എം.എല്‍.എ വീണ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരം പുതിയ പാലത്തിന് കിഫ്ബിയില്‍നിന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ പാലത്തിന് 207.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഇരുവശത്തും 1.125 മീറ്റര്‍ വീതിയുള്ള നടപ്പാത ഉള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതിയുണ്ട്. ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ധനവകുപ്പ് സന്നദ്ധത അറിയിച്ചതോടെ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.
തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അപ്രോച് റോഡ് നിര്‍മിക്കുന്നതാണ് തുടര്ഘട്ടമായുണ്ടായത്. അപ്രോച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍ വെല്ലുവിളിയായി മാറി. കോഴഞ്ചേരി വണ്ടിപ്പേട്ട ഒഴിപ്പിച്ചു സ്ഥലം കണ്ടെത്തി. പിന്നീട് ഇരുഭാഗത്തും ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തി. സമീപനപാതക്ക് സ്ഥലം കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയായില്ല.
മാരാമണ്‍ കണ്വെന്ഷന് പമ്പയാറിന്റെ തീരത്തേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിന് പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച് റോഡിന്റെ വശങ്ങളിലായി സര്‍വിസ് റോഡുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ഫണ്ട് ലഭ്യമായില്ല; ആദ്യ കരാറുകാരന് ഉപേക്ഷിച്ചു
സമയബന്ധിതമായി പാലം പണി നടത്താനാകാതെ വരികയും അപ്രോച് റോഡ് അടക്കം കാലതാമസം ഉണ്ടാകുകയും ചെയ്തതോടെ ആദ്യകരാറുകാരായ പി.ജി കണ്‍സ്ട്രക്ഷന്‍ പണി ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളും പിന്നാലെ ഉടലെടുത്തു.
കരാര്‍ പ്രകാരം രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബില്ല് പാസാകാന്‍ വൈകുമെന്ന് കണ്ടതോടെ പാലത്തിന്റെ ജോലികളില്‍ മെല്ലെപ്പോക്കായി.
ആദ്യകരാറുകാരനെ മാറ്റിയതിന് പിന്നാലെ ഊരാളുങ്കല്‍ സൊസൈറ്റിയെ നിര്‍മാണം ഏൽപിക്കാന് നീക്കം നടന്നിരുന്നു. നിലവില്‍ ശ്യാമ ഡൈനാമിക് എന്ന സ്ഥാപനമാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.
കോഴഞ്ചേരിയില്‍ വണ്‍വേ റോഡ്
പുതിയ പാലവും സമീപനപാതകളും പൂര്‍ത്തിയാകുന്നതോടെ വണ്‍വേ സംവിധാനം നിലവില്‍ വരും. ടി.ബി ജങ്ഷനില്‍നിന്ന് ജില്ല ആശുപത്രി വഴിയുള്ള വണ്‍വേ റോഡ് അപ്രോച് റോഡുമായി ബന്ധിപ്പിച്ച് പുതിയ പാലത്തിലൂടെ തോട്ടപ്പുശ്ശേരി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ എത്തും. കോഴഞ്ചേരിയിലേക്കുള്ള വാഹനങ്ങള്‍ പഴയ പാലത്തിലൂടെ ടൗണിലേക്ക് പ്രവേശിക്കുകയും ചെയ്യും.
നിലവിലുള്ള കോഴഞ്ചേരി പാലം 1948ല്‍ നിര്‍മിച്ചതാണ്. ഈ പാലത്തിന് 5.5 മീറ്റര്‍ കാര്യേജ് വേ വീതി മാത്രമാണുളളത്. ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഇത് അപര്യാപ്തമാണ്. തിരുവല്ല-കുമ്പഴ റോഡില്‍ വാഹനത്തിരക്ക് ഏറിയതോടെ കോഴഞ്ചേരി പാലത്തില്‍ ഗതാഗതക്കുരുക്കും പതിവായി.
കിഫ്ബി പദ്ധതി പ്രകാരം 19.69 കോടിയുടെ സാങ്കേതിക അനുമതിയാണ് പുതിയ പാലത്തിന് ലഭിച്ചിട്ടുള്ളത്. 32 മീറ്റര്‍ നീളത്തിൽ അഞ്ച് സ്പാനുകളും 23.6 മീറ്റര്‍ നീളത്തിലുള്ള രണ്ട് ലാന്‍ഡ് സ്പാനുകളുമാണ് പാലത്തിനുള്ളത്. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ ആകാരമാണ് പുതിയ പാലത്തിനും നല്‍കിയിട്ടുള്ളത്. ബി.എം ബി.സി നിലവാരത്തിലാണ് സമീപനപാത. ഇതോടൊപ്പം സംരക്ഷണ ഭിത്തിയും നിർമിക്കും.