സിഗ്നൽ ലൈറ്റ് തകർന്ന് റോഡിൽ പതിച്ചു; അപകടം തിങ്കളാഴ്ച പുലർച്ചെ
text_fieldsറോഡിൽ തകർന്നുവീണ കോഴഞ്ചേരി തെക്കേമല ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ
അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു
കോഴഞ്ചേരി: തെക്കേമല ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകർന്ന് റോഡിൽ വീണു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. റോഡിന്റെ രണ്ട് ഭാഗത്തായി സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റും സോളാർ പാനലും ഉൾപ്പെടെ റോഡിന് മധ്യത്തിലേക്ക് വീഴുകയായിരുന്നു. സിഗ്നൽ ലൈറ്റുകൾ തമ്മിൽ ബന്ധിച്ചിരുന്ന ഇലക്ട്രിക് കേബിളിൽ ഉയരമുള്ള വാഹനം തട്ടിയാണ് തൂണുകൾ ഒടിഞ്ഞ് വീഴാൻ കാരണമെന്ന് സംശയിക്കുന്നു. പുലർച്ചയായതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല.
പകൽ വലിയ വാഹന തിരക്ക് അനുഭവപ്പെടുന്ന ജങ്ഷനാണിത്. അഗ്നിരക്ഷാസേനയെത്തി ഒന്നരമണിക്കൂറോളമെടുത്താണ് ലൈറ്റും സോളാർ പാനലും ഉൾക്കൊള്ളുന്ന വലിയ പൈപ്പുകൾ റോഡിൽനിന്ന് മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മന്ത്രി വീണ ജോർജിന്റെ 2028-19ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണിത്. 12.5 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് സിഗ്നൽ സ്ഥാപിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതെന്ന് അന്നേ പരാതി ഉയർന്നിരുന്നു . ഇത് സ്ഥാപിച്ചതോടെ വാഹനക്കുരുക്കും ഇവിടെ രൂക്ഷമായിരുന്നു.
മാസങ്ങളായി ഇത് പ്രവർത്തനരഹിതമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സിഗ്നൽ ലൈറ്റ് തകരാൻ ഇടയാക്കിയ വാഹനം കണ്ടെത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് ടോറസ് ലോറി ഇടിച്ച് ടി.കെ റോഡിൽ ഇലന്തൂർ ചിറക്കാല ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നിരുന്നു. ഏപ്രിൽ 29ന് രാത്രി ദേശീയപാത നിർമാണത്തിന് സാമഗ്രികളുമായി പോയ ടോറസ് ലോറി ഇടിച്ചാണ് കാത്തിരിപ്പുകേന്ദ്രം തകർന്നത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ലോറി കണ്ടെത്താൻ നടപടി സ്വീകരിച്ചിരുന്നില്ല.