അപകടം ഒഴിയാതെ കുളത്തൂർമൂഴി ജങ്ഷൻ
text_fieldsകുളത്തൂർമൂഴി ജങ്ഷൻ
മല്ലപ്പള്ളി: വളവും വാഹനങ്ങളുടെ അമിതവേഗവും മൂലം അപകടം ഒഴിയാതെ കുളത്തൂർമൂഴി ജങ്ഷൻ. പത്തനംതിട്ട- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന കുളത്തൂർമൂഴി പാലത്തിന്റെ സമീപനപാതയും പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡും സംഗമിക്കുന്നത് ഇവിടെ മൂന്നു ദിശയിൽനിന്നും വാഹനങ്ങൾ എത്തുന്നതിനാൽ വലിയ തിരക്കാണ്.
ജേക്കബ്സ് റോഡിന്റെ മധ്യഭാഗത്തായി വളവിലാണ് സമീപനപാത സന്ധിക്കുന്നത്. അതിനാൽ ജങ്ഷനിൽ എത്തിയാൽ മാത്രമേ മറുദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയൂ. ഇതിനോടു ചേർന്നു ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളതിനാൽ യാത്രക്കാർ റോഡുകൾ മുറിച്ച് വേണം അപ്പുറത്ത് കടക്കാൻ. കാത്തിരിപ്പ് കേന്ദ്രത്തിൽനിന്നു റോഡിന്റെ ഇരുവശങ്ങളിലേക്കും യാത്രക്കാർ കടക്കുന്നത് ജീവൻ പണയം വെച്ചാണ്.
ജേക്കബ്സ് റോഡിൽനിന്നും സമീപനപാതയിൽനിന്നും അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടം ഉണ്ടാകാതെ മിക്കപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇരുജില്ലകളുടെയും അതിർത്തിയായതിനാൽ രാപ്പകലില്ലാതെ വാഹന തിരക്കുമാണിവിടെ. ദിവസവും ചെറുതെങ്കിലും ഒരു അപകടം പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കേറിയ ജങ്ഷനിൽ വേഗ നിയന്ത്രണ സംവിധാനവുമില്ല. ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.