കഞ്ചാവുമായി കാപ്പ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ
text_fieldsബസലേൽ, ശ്രീജിത്
മല്ലപ്പള്ളി: കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെയും കൂട്ടാളിയെയും ഒരു കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കാപ്പ കേസ് പ്രതി കല്ലൂപാറ കടമാൻകുളം ചാമക്കാലയിൽ ബസലേൽ സി. മാത്യു (പ്രവീൺ- 36), കവിയൂർ കണിയാൻ പാറ കുന്നിൽതാഴെ കെ.ആർ. ശ്രീജിത് (ലിജിൻ-35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതികൾ കീഴ്വായ്പ്പൂര് പൊലീസിന്റെ പിടിയിലായത്. ബസലേലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ശ്രീജിത്തും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഞ്ചാവിന് ഏകദേശം 65,000 രൂപ വിലവരും.
കാപ്പ നിയമപ്രകാരം ജനുവരി 23 മുതൽ ബസലേലിനെ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. പൊലീസ്, എക്സൈസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്ത 16 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കീഴ്വായ്പ്പൂർ, തിരുവല്ല, വെച്ചൂച്ചിറ ചിങ്ങവനം, നൂറനാട്, കോയിപ്രം പൊലീസ് സ്റ്റേഷനുകളിലും, മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലും രജിസ്റ്റർ ചെയ്ത കേസുകളിലുമാണ് ബസലേൽ ഉൾപ്പെട്ടിട്ടുള്ളത്. മോഷണം, അടിപിടി, തട്ടിക്കൊണ്ടുപോകൽ, കവർച്ച,ബലാത്സംഗം, പോക്സോ, ദേഹോപദ്രവം ഏൽപ്പിക്കൽ,സർക്കാർ ഉദ്യോഗസ്ഥറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കഞ്ചാവ് വില്പനക്ക് സൂക്ഷിക്കൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ. രണ്ടാം പ്രതി ശ്രീജിത്തിനെതിരെ കോട്ടയം റെയിൽവേ പൊലീസും തിരുവല്ല പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് നടപടി കൈക്കൊണ്ടത്. എസ്.ഐ സതീഷ് ശേഖർ, സി.പി.ഒമാരായ വിഷ്ണു ദേവ്, പ്രദീപ് പ്രസാദ്, പ്രശാന്ത് കുമാർ, ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.