മാലിന്യ വാഹിനിയായി ചുങ്കപ്പാറ ഊരുകുഴിതോട്
text_fieldsഊരു കുഴി തോട്ടിൽ
കെട്ടിക്കിടക്കുന്ന മാലിന്യം
മല്ലപ്പള്ളി: ചുങ്കപ്പാറടൗണിന്റെ സമീപം ഒഴുകുന്ന ഊരു കുഴി തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. തോടിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യവും ചപ്പ് ചവറുകളും കെട്ടി കിടക്കുന്നതിനാൽ നിരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.
ഒരു കാലത്ത് നൂറുകണക്കിന് ആൾക്കാർ കുളിക്കുന്നതിനു വസ്ത്രങ്ങൾ കഴുകുന്നതിനും ആശ്രയിച്ചിരുന്ന ഊരു കുഴിതോട് ഇപ്പോൾ മാലിന്യവാഹിനിയായി മാറിയിട്ടുണ്ട്. വേനൽ കാലത്ത് വെള്ളം എടുക്കുന്നതിനായി തോട്ടിൽ ചെറിയ കുളങ്ങളും കുത്തിയിട്ടുണ്ട്.
എന്നാൽ, ജലജന്യ രോഗങ്ങൾ ഭയന്ന് തോട്ടിൽ കാലുകുത്താൻ ജനം ഭയപ്പെടുന്ന സ്ഥിതിയാണിപ്പോൾ. അനധികൃത കൈയേറ്റമാണ് തോടിന്റെ അവസ്ഥക്ക് കാരണം. ചില സ്ഥലങ്ങളിൽ 11 മീറ്റർ വരെ വീതിയുണ്ടായിരുന്ന ഊരു കുഴി തോടിനിപ്പോൾ മൂന്നു മീറ്റർ പോലും വീതിയില്ലാത്ത സ്ഥിതിയിലെത്തി. തോട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവുകൾ പോലും ഉണ്ടായിട്ടും നടപ്പായില്ല. തോട്ടിൽ മാലിന്യം നിറഞ്ഞ മലിന ജലം കെട്ടി കിടക്കുന്നതിനാൽ കൊതും കൂത്താടിയും പെരുകി പകർച്ചവ്യാധികൾ വരെ പടർന്നു പിടിക്കാൻ സാധ്യത ഏറെയാണ്. മത്സ്യ മാംസ കടകളിലെയും ഹോട്ടലുകളിലെയും സമീപത്തെ വീടുകളിലെയും മാലിന്യങ്ങളും മലിനജലവും തോട്ടിക്കാണ് തള്ളുന്നത്.
നീരൊഴുക്ക് കുറഞ്ഞ് മലിനജലം കെട്ടികിടക്കുന്നതിനാൽ സമീപത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾ വരെ മലിനമാകുന്നു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും അനങ്ങാപ്പാറ നയമാണ് ഇതിന് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.


