മല്ലപ്പള്ളി താലൂക്ക് വികസനസമിതി; കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടിക്ക് നിർദേശം
text_fieldsമല്ലപ്പള്ളി: മല്ലപ്പള്ളി ബസ്സ്റ്റാൻഡിന് മുന്നിലെ ഓടക്ക് സ്ലാബുകൾ സ്ഥാപിച്ചിതായും മല്ലപ്പള്ളി ടൗണിൽ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന് റോഡ് സേഫ്റ്റി വർക്ക് എസ്റ്റിമേറ്റ് നമർപ്പിച്ചതായും തിരുവല്ല- മല്ലപ്പള്ളി റോഡിൽ മടുക്കോലി ജങ്ഷനിൽ വാണിംഗ് ലൈറ്റുകളും സ്പീഡ് ബ്രേക്കിംഗ് സ്റ്റഡുകളും സ്ഥാപിച്ചതായും പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. കടമാൻകുളം - ചെങ്ങരൂർ റോഡിൽ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിനു മുന്നിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീബ് എൻഞ്ചിനിയർക്ക് യോഗം നിർദേശം നൽകി.
പുറമറ്റം പഞ്ചായത്തിലെ കമ്പനി മലയുടെ മുകൾഭാഗത്തുള്ള വീടുകളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ വാട്ടർ അതോറിറ്റി അടിയന്തിര നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. വെണ്ണിക്കുളം പോളിടെക്നികിന് സമീപമുള്ള റോഡിലെ കാട് അടിയന്തിരമായി തെളിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം 16 ന് ആരംഭിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ വിവിധ റോഡുകളിലെ വാട്ടർ അതോറിറ്റിയുടെ പണികൾ പൂർത്തീകരിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൃന്ദാവനം എസ്.എൻ.ഡി.പി ജങ്ഷൻ അപകട മേഖലയായതിനാൽ ഇവിടെ വേഗനിയന്ത്രണ സംവിധനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യൂവിന്റെ അധ്യക്ഷതയിൽ കൂടിയ വികസനസമിതി യോഗത്തിൽ തഹസിൽദാർ ടി. ബിനുരാജ്, ഡപ്യൂട്ടി കലക്ടർ ബി.ജ്യോതി, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ് ഉഷ ശ്രീകുമാർ, പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് വിനീത് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,വിവിധ വകുപ്പുകളിലെ താലുക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.