ഞായറാഴ്ചകളിൽ ബസുകൾക്ക് അവധി; യാത്രക്കാർ പെരുവഴിയിൽ
text_fieldsമല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്താത്തത് യാത്രക്കാരെ വലക്കുന്നതായി പരാതി. മറ്റ് ദിവസങ്ങളിൽ ബസുകൾ നിരത്തിലുണ്ടെങ്കിലും ഞായറാഴ്ചകളിലാണ് മിക്ക സർവിസുകളും മുടക്കുകയാണ്. ചില സർവിസുകൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.
കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ആനിക്കാട്, കാഞ്ഞിരപ്പള്ളി, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞായറാഴ്ചകളിൽ ബസുകൾ കുറവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന തിരുവല്ല, കല്ലൂപ്പാറ പ്രദേശങ്ങളിൽ യാത്രക്കാർ നട്ടംതിരിയുന്ന അവസ്ഥയാണ്. കിഴക്കൻ മലയോര മേഖലകളിലേക്ക് ഞായറാഴ്ചകളിലെ നിരവധി ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറക്കുന്നതായും സർവിസുകൾ പൂർണമായും ഒഴിവാക്കുന്നതായും പരാതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. എന്നാൽ, കലക്ഷൻ കുറവായതിനാലാണ് സർവിസ് നടത്താത്തതിന് കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. യാത്രാദുരിതത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി.