അപകട ഭീഷണിയായി ജേക്കബ്സ് റോഡിലെ കുഴികൾ
text_fieldsകോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിലെ അപകട ഭീഷണിയായ കുഴികൾ
മല്ലപ്പള്ളി: പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു. ശാസ്താംകോയിക്കൽ ജങ്ഷനിൽ മുരണി റോഡ് ചേരുന്ന ഭാഗം മുതൽ പുത്തൂർപടി വരെയാണ് കുഴികൾ രൂപപ്പെട്ടത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ കണ്ടെത്തിയതിനു ശേഷം കുഴികൾ അടച്ച ഭാഗത്താണ് വീണ്ടും കുഴികൾ രൂപപ്പെട്ട് തുടങ്ങിയത്. പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡിന്റെ മധ്യഭാഗങ്ങളിലുമായി വശങ്ങളിലുമായി അമ്പതിലധികം കുഴികളാണുള്ളത്. കുഴികൾ ഒഴിവാക്കി സഞ്ചരിക്കാൻ ശ്രമിക്കവെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയാണ്.
അധികൃതർ കുഴികൾ അടച്ച ഭാഗത്ത് മെറ്റൽ പൊങ്ങി നിൽക്കുന്നതും കോൺക്രീറ്റ് ഇളകിമാറി കുഴികളായതും കാരണം ടിപ്പർ ലോറികൾ വരെ അപകടത്തിൽപെടുന്നുണ്ട്. അധികൃതരുടെ അനാസ്ഥ വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.