എന്ത് പറയാൻ, ആര് കേൾക്കാൻ; നവീകരിച്ച കുളത്തിൽ വീണ്ടും മാലിന്യം നിറഞ്ഞു
text_fieldsനവീകരിച്ച ചിറയ്ക്കൽ കുളം വീണ്ടും മാലിന്യം നിറഞ്ഞ നിലയിൽ
മല്ലപ്പള്ളി: നവീകരിച്ച കുളത്തിൽ വീണ്ടും മാലിന്യം നിറയുന്നതായി പരാതി. മാർച്ചിൽ നവീകരണം പൂർത്തിയായ എഴുമറ്റൂർ ചിറയ്ക്കൽ കുളത്തിലാണ് ഒരുഭാഗത്ത് പാഴ്വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും പായലും നിറയുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ നവീകരണ പ്രവൃത്തിയാണു നടന്നത്. കുളത്തിലെ ചെളി നീക്കി ആഴം കൂട്ടുന്നതും കാട് നീക്കി സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുന്നതീൺ നവീകരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കുളിക്കടവിന്റെ തകർന്ന കൽപ്പടവുകളുടെ പുനർനിർമാണവും റോഡിനു സമീപത്തു സംരക്ഷണവേലി സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ടായിരുന്നു. നിർമാണങ്ങൾ പൂർത്തിയായെങ്കിലും അപകടസാധ്യത ഏറെയുള്ള വശങ്ങളിലെ സംരക്ഷണവേലി സ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ നൂറിലേറെ കുടുംബങ്ങൾ കുളത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്.


