കോട്ടാങ്ങലിൽ കാട്ടുപന്നി ശല്യം രൂക്ഷം
text_fieldsമല്ലപ്പള്ളി: താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. വാഴ, കപ്പ, മറ്റ് കിഴങ്ങ് വർഗങ്ങൾ, റബർ തൈകൾ, പൈനാപ്പിൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യരെയും ആക്രമിക്കുന്നുണ്ട്. രാത്രി യാത്രികർ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം ഭയന്നാണ് യാത്രചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടാങ്ങൽ - മണിമല റോഡിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. കോട്ടാങ്ങൽ കടുര് അജിക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും കൈക്കും പരിക്കേറ്റ അജി ആശുപത്രിയിൽ ചികിത്സ തേടി.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏക്കറുകണക്കിന് കാർഷിക വിള നശിച്ചു. ഏത്തവാഴയും കപ്പയും കൃഷി ചെയ്ത നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവായതോടെ കടമെടുത്ത് പാട്ട കൃഷി ചെയ്യുന്ന കർഷകരെല്ലാം കൃഷി നാശം മൂലം കടക്കെണിയിൽ നട്ടംതിരിയുകയാണ്. വനമേഖലകളോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ഇപ്പോൾ ജനവാസ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്.


