സ്കൂട്ടർ യാത്രികയെ തള്ളിയിട്ട യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണുമോൻ
മല്ലപ്പള്ളി: ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വായ്പൂർ കോട്ടാങ്ങൽ പുത്തൻപുരയിൽ വിഷ്ണു മോനാണ് (20) അറസ്റ്റിലായത്. മല്ലപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ.
വായ്പൂര് സ്വദേശിനിയെ ഈമാസം 16ന് രാത്രി 8.45ന് മല്ലപ്പള്ളി- വായ്പൂര് റോഡിൽ ശാസ്താംകോയിക്കലിലാണ് ഇയാൾ ആക്രമിച്ചത്. സ്കൂട്ടർ മറിഞ്ഞ് റബ്ബർ തോട്ടത്തിൽ വീണ യുവതിയുടെ ഇടതുകൈക്ക് പൊട്ടൽ സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
വെള്ളിയാഴ്ച ജോലിചെയ്യുന്ന ഹോട്ടലിനു മുന്നിെലത്തിയ ഇയാൾ വീണ്ടും സ്ത്രീകളെ ശല്യം ചെയ്തതോടെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ ഇയാൾക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവതിയെ ആക്രമിച്ചത് ഇയാളാണെന്ന് വ്യക്തമായി. ഇയാളെ യുവതി തിരിച്ചറിഞ്ഞു.